അതിദാരിദ്ര്യ മുക്ത കേരളം; മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ച നുണകളുടെ കൂമ്പാരം: വി.ഡി സതീശൻ

തിരുവനന്തപുരം: രാജ്യത്തെ ആദ്യ അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിച്ച് സർക്കാർ. പ്രഖ്യാപനം തട്ടിപ്പാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പച്ച നുണകളുടെ കൂമ്പാരമാണെന്നും ശുദ്ധ വെട്ടിപ്പാണെന്നും വി.ഡി സതീശൻ കുറ്റപ്പെടുത്തി. കേരളം പുതുയുഗപ്പിറവിയിൽ ആണെന്ന് നിയമസഭയിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി പറഞ്ഞു.
നിയമസഭയിൽ ഒരു ചർച്ചയും ഇല്ലാതെയാണ് മുഖ്യമന്ത്രി ചട്ടം 300 പ്രകാരം വായന നടത്തിയത്. ലക്ഷങ്ങൾ ചെലവഴിച്ചാണ് പ്രഖ്യാപന പരിപാടി നടത്തുന്നത്. എല്ലാ മാധ്യമങ്ങളിലും കോടികൾ കൊടുത്ത് പരസ്യം നൽകി. മുഖ്യമന്ത്രിയുടെ പ്രസ്താവന കേൾക്കാൻ മാത്രം സാമാജികരെ സഭയിലേക്ക് വിളിച്ചുവരുത്തിയെന്നും സഭയെ അവഹേളിക്കുകയാണെന്നും വി.ഡി സതീശൻ പറഞ്ഞു.
കൂടാതെ, അതിദാരിദ്ര മുക്തമെന്ന് പ്രഖ്യാപിക്കുന്നത് വഴി പല പദ്ധതികളിൽ നിന്നും കേരളം പുറത്താകുമെന്നും സതീശൻ പറഞ്ഞു. തെരഞ്ഞെടുപ്പിന്റെ തലേ ആഴ്ച നടത്തുന്ന പ്രഖ്യാപനം ജനങ്ങളെ വിഡ്ഢികളാക്കാൻ നടത്തുന്ന പ്രൊപ്പഗണ്ടയാണെന്നും അദ്ദേഹം ആരോപിച്ചു.
പ്രഖ്യാപനം തട്ടിപ്പാണെന്ന് ആരോപിച്ച് പ്രതിപക്ഷം സഭാ സമ്മേളനം ബഹിഷ്‌കരിച്ചു. മുദ്രാവാക്യങ്ങൾ വിളിച്ച് പ്രതിപക്ഷം സഭയിൽ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, കേരളം കൈവരിച്ച ചരിത്ര നേട്ടം സഹിക്കവയ്യാതെ ഇറങ്ങിപ്പോയ പ്രതിപക്ഷത്തെ കാലം വിലയിരുത്തുമെന്ന് തദ്ദേശമന്ത്രി എം.ബി രാജേഷ് പറഞ്ഞു.
