ഇവർ നമ്മുടെ മേയർമാർ


തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് കോർപറേഷനുകളിലെയും മേയർമാരെ തെര​ഞ്ഞെടുത്തു. തിരുവനന്തപുരത്ത് വി.വി. രാജേഷ് (ബി.ജെ.പി), കൊല്ലത്ത് എ.കെ. ഹഫീസ് (കോൺഗ്രസ്), കൊച്ചിയിൽ മിനി മോൾ (കോൺഗ്രസ്), തൃശൂരിൽ ഡോ. നിജി ജസ്റ്റിൻ (കോൺഗ്രസ്), കോഴിക്കോട് ഒ. സദാശിവൻ (സി.പി.എം), കണ്ണൂരിൽ പി. ഇന്ദിര (കോൺഗ്രസ്) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്.

തലസ്ഥാന നഗരിയിൽ ആദ്യ ബി.ജെ.പി മേയർ

തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അട്ടിമറി വിജയം നേടിയ ബി.ജെ.പി അവസാന നിമിഷമാണ് വി.വി. രാജേഷിനെ മേയറായി പ്രഖ്യാപിച്ചത്. പാർട്ടി സംസ്ഥാന സെക്രട്ടറിയും കൊടുങ്ങാനൂർ വാർഡ് കൗൺസിലറുമാണ്. കരുമം വാർഡിൽ നിന്നും വിജയിച്ച ആശാനാഥ് ഡെപ്യൂട്ടി മേയറായും മത്സരിക്കും.

ശ്രീലേഖയെ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടം മുതൽ തന്നെ മേയർ സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന് ബി.ജെ.പി കേന്ദ്രങ്ങൾ പ്രചരിപ്പിച്ചിരുന്നു. അവസാന നിമിഷം വരെയും മേയറായേക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ, ഇന്നലെ നാടകീയമായാണ് വി.വി രാജേഷിനെ മേയറാക്കാൻ പാർട്ടി തീരുമാനിച്ചത്. ഇതോടെ ശ്രീലേഖ കടുത്ത പ്രതിഷേധത്തിലാണ്. ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ട് അനുനയിപ്പിക്കാനാണ് ശ്രമം.

യു.ഡി.എഫിന്റെ സ്ഥാനാർഥിയായി കെ.എസ്. ശബരീനാഥനും എൽ.ഡി.എഫിനെ പ്രതിനിധീകരിച്ച് ആർ.പി. ശിവജിയുമാണ് മത്സരിച്ചത്.

​കൊല്ലത്ത് ബി.ജെ.പിയും എസ്ഡിപിഐയും വിട്ടുനിന്നു

കൊല്ലം കോര്‍പ്പറേഷനില്‍ എംകെ ഹഫീസാണ് മേയര്‍ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. വോട്ടെടുപ്പില്‍ യുഡിഎഫിന് 27ഉം എല്‍ഡിഎഫിന് പതിനാറും വോട്ടു ലഭിച്ചു. ബിജെപി, എസ്ഡിപിഐ പാര്‍ട്ടികള്‍ വോട്ടൈടുപ്പില്‍ നിന്ന് വിട്ടുനിന്നു. എംപിമാരായ എംകെ പ്രേമചന്ദ്രന്‍, കൊടിക്കുന്നില്‍ സുരേഷ് ഉള്‍പ്പടെ മുതിര്‍ന്ന യുഡിഎഫ് നേതാക്കള്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.

ഇതാദ്യമായാണ് കൊല്ലം കോര്‍പ്പറേഷനില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. നേരത്തെ തന്നെ ഐഎന്‍ടിയുസിയുടെ മുതിര്‍ന്ന നേതാവ് എംകെ ഹഫീസിനെ മേയര്‍ സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് 27ഉം എല്‍ഡിഎഫ് 16 ഉം എന്‍ഡിഎ 12 ഉം എസ്ഡിപിഐ ഒരു സീറ്റിലുമാണ് വിജയിച്ചത്.

കൊച്ചിയെ മിനിമോൾ നയിക്കും

കൊച്ചി കോർപറേഷൻ മേയറായി യു.ഡി.എഫിന്‍റെ വി.കെ. മിനിമോൾ തെരഞ്ഞെടുക്കപ്പെട്ടു. 76 അംഗ കൗൺസിലില്‍ സ്വതന്ത്രന്‍റെ വോട്ട് ഉൾപ്പെടെ 48 വോട്ടുകളാണ് മിനിമോൾക്ക് ലഭിച്ചത്. എൽ.ഡി.എഫ് സ്ഥാനാർഥി അംബിക സുദർശന് 22 വോട്ടുകളും എൻ.ഡി.എക്ക് ആറ് വോട്ടുകളും ലഭിച്ചു.

മിനിമോളെ ഷാൾ അണിയിച്ച് ദീപ്തി മേരി വർഗീസ് അഭിനന്ദിച്ചു. എന്നാൽ, സത്യപ്രതിജ്ഞക്കു മുമ്പേ ദീപ്തി മടങ്ങി. കോർപറേഷൻ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് 46 സീറ്റില്‍ വിജയിച്ചപ്പോള്‍ എല്‍.ഡി.എഫ് 20 സീറ്റിലും എന്‍.ഡി.എ ആറു സീറ്റിലും സ്വതന്ത്രർ നാലു സീറ്റുകളിലും ജയിച്ചിരുന്നു. ആദ്യ രണ്ടരവർഷമാണ് മിനിമോൾ മേയറാവുക. തുടർന്നുള്ള രണ്ടരവർഷം ഷൈനി മേയറാകും. ദിവസങ്ങൾ നീണ്ട ചർച്ചകൾക്കൊടുവിലാണ് യു.ഡി.എഫ് മേയർ സ്ഥാനാർഥികളിൽ തീരുമാനമെടുത്തത്.

ഡെപ്യൂട്ടി മേയർപദവിയും രണ്ടുപേർക്കാണ് നൽകുന്നത്. മിനിമോളുെട കാലയളവിൽ ദീപക് ജോയിയും ഷൈനിയുടെ കാലയളവിൽ കെ.വി.പി. കൃഷ്ണകുമാറും ഡെപ്യൂട്ടി മേയറാവും. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പക്ഷക്കാരിയായ ദീപ്തിയുടെ പേര് പാർട്ടി നേതൃത്വത്തിനിടയിൽ അവസാന നിമിഷംവരെ ഉണ്ടായിരുന്നു. എന്നാൽ കൗൺസിലർമാരുടെ അഭിപ്രായത്തിന് പ്രാധാന്യം നൽകിയാണ് കോർ കമ്മിറ്റി യോഗം മിനിമോളെയും ഷൈനിയെയും തീരുമാനിച്ചത്

വിവാദങ്ങളുടെ വെടിക്കെട്ടുമായി തൃശൂർ മേയർ തെരഞ്ഞെടുപ്പ്

വിവാദങ്ങളുടെ വെടിക്കെട്ടിന് തിരികൊളുത്തിയാണ് ഡോ. നിജി ജസ്റ്റിന്‍ തൃശൂർ കോർപറേഷൻ മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. മേയര്‍ പദവിയെച്ചൊല്ലി ഇടഞ്ഞു നിന്ന ലാലി ജെയിംസക്കമുള്ളവരുടെ വോട്ട് നേടിയാണ് നിജി മേയർസ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ആകെ 35 വോട്ടുകളാണ് നിജിക്ക് ലഭിച്ചത്. യു.ഡി.എഫിന് പുറത്തു നിന്ന് രണ്ട് വോട്ടുകളും നിജിക്ക് ലഭിച്ചു. കോണ്‍ഗ്രസ് വിമതന്‍, ഒരു സ്വതന്ത്രന്‍ എന്നിവരുടെ വോട്ടുകളുമാണ് നിജിക്ക് ലഭിച്ചത്.

വരണാധികാരിയായ ജില്ല കലക്ടര്‍ അരുണ്‍ പാണ്ഡ്യന്റെ മേല്‍നോട്ടത്തിലാണ് മേയര്‍ തെരഞ്ഞെടുപ്പ് നടന്നത്. തൃശൂര്‍ നഗരസഭയില്‍ 33 കൗണ്‍സിലര്‍മാരാണ് യു.ഡി.എഫിനുള്ളത്. കിഴക്കുംപാട്ടുകര ഡിവിഷനില്‍ നിന്നും വിജയിച്ച ഡോ. നിജി ജസ്റ്റിന്‍ ഗൈനക്കോളജിസ്റ്റു കൂടിയാണ്. വോട്ടെണ്ണലിന് ശേഷം, ഡോ. നിജി ജസ്റ്റിന്‍ കോർപറേഷന്‍ മേയറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മേയർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തൃശൂർ കോണ്‍‌ഗ്രസില്‍ പൊട്ടിത്തെറി ഉണ്ടായിരുന്നു. നിജി ജസ്റ്റിനെ മേയറാക്കിയത് പണം കൈപ്പറ്റിയാണെന്ന് പറഞ്ഞ് മുതിർന്ന കോൺഗ്രസ് കൗൺസിലറായ ലാലി ജില്ലാ കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു. ലാലിക്കെതിരെ നടപടിയെടുക്കാൻ നേതൃത്വം ഒരുങ്ങുന്നുവെന്ന വാർത്തക്ക് പിന്നാലെയാണ് തന്നെ അച്ചടക്കം പഠിപ്പിക്കാൻ വരുന്നവരെ അച്ചടക്കം പഠിപ്പിക്കുമെന്ന പ്രസ്താവനയുമായി ലാലിയെത്തിയത്.

കണ്ണൂർ കോർപറേഷനിൽ കോൺഗ്രസിലെ അഡ്വ. പി. ഇന്ദിര മേയറാകും. മേയർ സ്ഥാനം കോൺഗ്രസ്സും മുസ്ലിം ലീഗും രണ്ടര വർഷം വീതം പങ്കിടാനാണ് തീരുമാനം. മുസ്ലീം ലീഗിലെ കെ പി താഹിറാണ് ഡപ്യൂട്ടി മേയർ സ്ഥാനാർത്ഥി. എൽഡിഎഫി ലെ വികെ പ്രകാശിനി മേയർ സ്ഥാനത്തേക്കും എം പി അനിൽകുമാർ ഡപ്യൂട്ടി മേയർ സ്ഥാനത്തേക്കും മത്സരിക്കും.

ഇടതിന്റെ ഏക കോർപറേഷനിൽ മേയറായി ഒ. സദാശിവൻ

കോഴിക്കോട് തടമ്പാട്ടു താഴം ഡിവിഷനിൽനിന്ന് വിജയിച്ച ഒ. സദാശിവനാണ് ഇടതുപക്ഷത്തിന് ലഭിച്ച ഏക കോർപറേഷനായ കോഴിക്കോടിന്റെ മേയറായി തെരഞ്ഞെടുക്ക​പ്പെട്ടത്. സിപിഎം കോഴിക്കോട് നോര്‍ത്ത് ഏരിയാ കമ്മിറ്റിയംഗമാണ്. രണ്ടാംഘട്ട വോട്ടെടുപ്പിലാണ് സദാശിവൻ തെരഞ്ഞെടുക്കപ്പെട്ടത്. 33 വോട്ടുകളാണ് സദാശിവന് ലഭിച്ചത്. രണ്ട് വോട്ട് അസാധുവായി. യുഡിഎഫിന് 28 വോട്ട് ലഭിച്ചു.

ആദ്യ ഘട്ട വോട്ടെടുപ്പില്‍ കേവല ഭൂരിപക്ഷം ആർക്കും ഇല്ലാത്തതിനാലാണ് രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തിയത്. രണ്ടാംഘട്ട വോട്ടെടുപ്പിൽനിന്നും എൻഡിഎ വിട്ടുനിന്നു. എൽഡിഎഫ് സ്ഥാനാർഥി സദാശിവനും യു ഡി എഫ് സ്ഥാനാർത്ഥി എസ് കെ അബൂബക്കറും മാത്രമാണ് മത്സരിച്ചത്.

76 അംഗ കോര്‍പറേഷനിൽ എല്‍ഡിഎഫ്-34, യുഡിഎഫ്-26, എന്‍ഡിഎ-13, മറ്റുള്ളവര്‍-3 എന്നതാണ് കക്ഷിനില.

കണ്ണൂരിൽ ഇന്ദിര

കണ്ണൂര്‍ കോര്‍പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിരയെ തെരഞ്ഞെടുക്കപ്പെട്ടു. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. മുസ്‍ലിം ലീഗിലെ കെ.പി താഹിറാണ് പി. ഇന്ദിരയുടെ പേര് നിർദേശിച്ചത്. റിജിൽ മാക്കുറ്റി പിന്താങ്ങി. ഇന്ദിരക്ക് 36 വോട്ടും എതിര്‍സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി കെ പ്രകാശിനിക്ക് 15 വോട്ടും ബിജെപിയിലെ അര്‍ച്ചന വണ്ടിച്ചാലിന് നാല് വോട്ടുമാണ് ലഭിച്ചത്. 56 അംഗ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. നഗരസഭയിലെ കക്ഷിനില: യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ-4, മറ്റുള്ളവര്‍-1.