‘അവധി വേണം കലക്ടറേ’ എന്ന് അശ്വിൻ; കപ്പടിച്ചാൽ തരാമെന്ന് കലക്ടർ, പ്രാർഥിക്കുമോയെന്ന് മറുചോദ്യം
തൃശൂർ: എന്റെ പേര് അശ്വിൻ കൃഷ്ണ, ആറിലാ പഠിക്കുന്നേ, 19ാം തീയതി അവധി േവണം കലക്ടറേ…കലോത്സവ നഗരിയിൽ ഒരു കൊച്ചുവിദ്യാർഥിയുടെ ചോദ്യമാണിത്. ജില്ല കലക്ടർ അർജുൻ പാണ്ഡ്യനോട് ആയിരുന്നു ചോദ്യം. കപ്പടിച്ചാൽ അവധി നൽകാമെന്ന് ചിരിച്ച് കലക്ടർ മറുപടി നൽകുകയും ചെയ്തു. അപ്പോ.. കപ്പടിക്കാൻ കലക്ടർ പ്രാർഥിക്കുമോയെന്നായി ചോദ്യം. ആ എന്ന ഒറ്റ അക്ഷരത്തിൽ മറുപടി
എങ്കിലും ജനുവരി 19ന് തന്നെ അവധി വേണമെന്ന ആവശ്യമായിരുന്നു അശ്വിന്റേത്. കപ്പടിച്ചുവരുമ്പോൾ പരിഗണിക്കാമെന്ന മറുപടിയുമായി കലക്ടർ നീങ്ങി. കലോത്സവ നഗരിയിലെ പ്രധാന വേദിക്ക് അരികിൽ ‘കലയാണ് ലഹരി’ എന്ന പേരിൽ പൊലീസ് നടത്തുന്ന പരിപാടിക്ക് സമീപമായിരുന്നു ഈ കൊച്ചുകുട്ടിയുടെ ചോദ്യങ്ങളും കലക്ടറുടെ മറുപടിയും.
2025 ജൂലൈയിൽ ‘സ്നേഹ പൂർവം സൽമാന്, നാളെ അവധി’ എന്ന് പറഞ്ഞ് കലക്ടർ ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു. 2025ൽ നടന്ന മാരത്തണിൽ കലക്ടർക്ക് ഓടിയെത്തിയ സൽമാൻ എന്ന കുട്ടി അവധി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് അന്ന് അവധി പ്രഖ്യാപിച്ചപ്പോൾ ഇത്തരത്തിലൊരു പോസ്റ്റ് ഇട്ടത്. ഇപ്പോൾ അതുപോലൊരു അവസരം കിട്ടിയപ്പോൾ അശ്വിനും അവധി ചോദിക്കുകയായിരുന്നു. തൃശൂർ കപ്പ് അടിക്കുമോ, തിങ്കളാഴ്ച അവധി കിട്ടുമോ എന്നൊക്കെ അറിയാൻ ഞായറാഴ്ച വരെ കാത്തിരിക്കണം.
