വാഹന രൂപമാറ്റം നടക്കില്ല; അനധികൃത മോഡിഫിക്കേഷന് 5000 രൂപ പിഴ ഈടാക്കും: നിയമസഭയിൽ വ്യക്തമാക്കി സി.പി. ജോൺ

തിരുവനന്തപുരം: വാഹന മോഡിഫിക്കേഷനിൽ ഇളവ് നൽകാൻ സംസ്ഥാന സർക്കാറിന് അധികാരമായില്ലയെന്ന് നിയമസഭയിൽ വ്യക്തമാക്കി ഗതാഗത വകുപ്പ് മന്ത്രി സി.പി. ജോൺ. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങൾക്കും സുരക്ഷ മാനദണ്ഡങ്ങൾക്കും വിദേയമായിരിക്കണമെന്നും മന്ത്രി സഭയിൽ പറഞ്ഞു.
അനധികൃത മോഡിഫിക്കേഷന് 5000 രൂപ പിഴ ഈടാക്കുമെന്നും 2026 മേയ് 18 മുതൽ സെപ്റ്റംബർ 30 വരെ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപയിലധികം പിഴ ചുമത്തിയതായും മന്ത്രി സഭയിൽ രേഖാമൂലം അറിയിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ യുവാക്കൾക്ക് നൽകിയ വാഗ്ദാനമായിരുന്നു വാഹനങ്ങൾ രൂപമാറ്റം നടത്താൻ സർക്കാർ അനുവദിക്കുമെന്നത്. ഭരണത്തിലേറിയ ശേഷവും യുവാക്കളുടെ ആവശ്യം പരിഗണിക്കുമെന്നും അതൊക്കെ നടത്താനാണ് നമ്മൾ അധികാരത്തിലെത്തിയിരിക്കുന്നതെന്നും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു. തുടർന്ന് വാഹന രൂപമാറ്റവുമായി ബന്ധപ്പെട്ട് 18 തരം മോഡിഫിക്കേഷൻ പട്ടിക സർക്കാർ പുറത്തിറക്കിയിരുന്നു. എന്നാൽ, പട്ടികക്കെതിരെ രൂക്ഷ വിമർശനം ഉയർന്നതോടെ പൊതുജനങ്ങളിൽ നിന്നും അഭിപ്രായം തേടാൻ ഗതാഗത വകുപ്പ് ശ്രമിച്ചു.
ഇതിനെല്ലാം ശേഷം വാഹനം രൂപമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട കാര്യത്തിൽ മോട്ടോർ വാഹന വകുപ്പ് വ്യക്തത വരുത്തിയിരുന്നു. ഇതിൽ പലതും മാനദണ്ഡങ്ങൾക്ക് വിധേയമായി നിലവിൽ ചെയ്യാവുന്നതാണെങ്കിലും ‘പൊതുജനങ്ങളിൽ നിന്നും ലഭിച്ച അപേക്ഷകളുടെ അടിസ്ഥാനത്തിൽ രൂപമാറ്റങ്ങൾക്ക് അനുവാദം നൽകി’ എന്ന നിലയിലാണ് ഗതാഗത കമിഷണറേറ്റ് അവതരിപ്പിച്ചത്.
വാഹന മോഡിഫിക്കേഷനിൽ നിയമവിരുദ്ധമായി സർക്കാറിന് ഒന്നും ചെയ്യാൻ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് മന്ത്രി നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സഭയിൽ സി.പി. ജോൺ സർക്കാർ നിലപാട് വ്യക്തമാക്കിയത്. മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചോദ്യത്തിന് മറുപടിയായാണ് മന്ത്രി നിലപാട് വ്യക്തമാക്കിയത്.
