കേരള സർവകലാശാലാ കലോത്സവത്തിലെ കോഴ; ആരോപണ വിധേയനായ വിധികർത്താവ് മരിച്ച നിലയിൽ

 

കണ്ണൂര്‍: കേരള സർവകലാശാലാ കലോത്സവത്തിലെ കോഴ ആരോപണത്തിൽ ആരോപണ വിധേയനായ വിധികർത്താവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ചൊവ്വ സ്വദേശി പി.എൻ ഷാജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയെന്നാണ് നിഗമനം.

 

നിരപരാധിയെന്ന ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. നാളെ തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നു. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

കേരള സർവകലാശാല കലോത്സവം ചരിത്രത്തിൽ ആദ്യമായി നിർത്തിവച്ചതിന് പിന്നാലെയാണ് അഴിമതി ആരോപണം ഉയര്‍ന്നത്. മാർഗംകളിയുടെ വിധി നിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം. കലോത്സവത്തിൽ മാർഗം കളി മത്സരത്തിന്റെ വിധികർത്താവായിരുന്നു ഷാജി.

 

ഓരോ മത്സര ഫലത്തിനും പണം ആവശ്യപ്പെട്ടുള്ള വാട്സാപ്പ് സന്ദേശങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നു. മത്സരാർഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിച്ചത്. വിധികർത്താക്കളുടെയും ഇടനിലക്കാരുടെയും ഫോണുകൾ സംഘാടകർ പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാർഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിൾ ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിച്ചത്. ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ സഹിതം വിധികർത്തകൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *