യുവ ഡോക്ടറുടെ കൊലപാതകം: ഇന്ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്
ന്യൂഡൽഹി: കൊൽക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് ഇന്ന് ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക്. അത്യാഹിത വിഭാഗത്തിൽ മാത്രമായിരിക്കും ഡോക്ടർമാരുടെ സേവനം. ഇന്ത്യൻ മെഡിക്കൽ അസോസിയേഷനാണ് സമരം പ്രഖ്യാപിച്ചത്.
കെ.ജി.എം.സി.ടി.എ, കെ.ജി.എം.ഒ.എ, പി.ജി അസോസിയേഷൻ, ഹൗസ് സർജൻ അസോസിയേഷൻ തുടങ്ങി എല്ലാ സംഘടനകളും സമരത്തിന്റെ ഭാഗമാകും. കഴിഞ്ഞദിവസവും പി.ജി ഡോക്ടേഴ്‌സും റസിഡൻസ് സീനിയർ ഡോക്ടർമാരും സമരം നടത്തിയിരുന്നു.
രാവിലെ ആറു മുതൽ ഞായറാഴ്ച രാവിലെ ആറു വരെയാണ് പ്രതിഷേധ സമരം. സെൻട്രൽ പ്രൊട്ടക്ഷൻ ആക്ട് നടപ്പാക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഓൾ ഇൻഡ്യാ ഫെഡറേഷൻ ഓഫ് ഗവൺമെന്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ ദേശീയ തലത്തിൽ കരിദിനം ആചരിക്കും. കെ.ജി.എം.ഒ.എയും പ്രതിഷേധ ദിനത്തിൽ പങ്കുചേരും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.
ഡോക്ടർമാരിൽ 60 ശതമാനത്തിലധികം വനിതകളാണ്. അവർക്ക് മതിയായ സുരക്ഷയില്ലാതെ ആശുപത്രിയിൽ ജോലി ചെയ്യാനാകില്ലെന്നും അസോസിയേഷൻ ജനറൽ സെക്രട്ടറി അനിൽ കുമാർ ജെ. നായക് വ്യക്തമാക്കി. കേന്ദ്ര-സംസ്ഥാന സർക്കാരുകൽ വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കണം. വിവിധ സ്ഥലങ്ങളിൽ ഡ്യൂട്ടിയിലുള്ള ഡോക്ടർക്ക് നേരേ ഇത്തരത്തിലുള്ള ആക്രമണങ്ങൾ വർധിക്കുന്നതായും ഐ.എം.എ പറഞ്ഞു.
കഴിഞ്ഞ ദിവസം കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി നദ്ദയുമായി ഐ.എം.എ വിഷയം ചർച്ച ചെയ്തിരുന്നു. ഇന്നലെ ആരോഗ്യമന്ത്രാലയത്തിന് മുന്നിൽ റസിഡൻസ് ഡോക്ടർമാർ പ്രതിഷേധിച്ചിരുന്നു.