കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും കല്യാണത്തിന് പോയി; അന്വേഷണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ
അഞ്ചൽ: കൊല്ലത്ത് ആശുപത്രി പൂട്ടി ഡോക്ടറും ജീവനക്കാരും വിവാഹത്തിനുപോയി. അഞ്ചൽ ഇ.എസ്.ഐ ആശുപത്രിയിൽ ഇന്ന് രാവിലെയാണ് സംഭവം. ഹാജർ രേഖപ്പെടുത്തിയ ശേഷമാണ് 18 പേർ വിവാഹത്തിനു പോയതെന്നാണ് ആശുപത്രിയിലെത്തിയവരുടെ ആരോപണം. ആശുപത്രി പൂട്ടി പോയതോടെ രോഗികൾ കഷ്ടത്തിലാവുകയും യുവജന സംഘടനകൾ ആശുപത്രിക്കു മുന്നിൽ പ്രതിഷേധവുമായെത്തുകയും ചെയ്തു.
പ്രതിഷേധം ശക്തമായതോടെ ജില്ലാ കലക്ടടർ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചു. പുനലൂർ തഹസിൽദാർ ആശുപത്രിയിലെത്തി നടത്തിയ പരിശോധനയിൽ വീഴ്ച ഉണ്ടായെന്ന് കണ്ടെത്തിയിട്ടുണ്ട്. വിളപ്പിൽശാലയിൽ ചികിത്സ ലഭിക്കാൻ വൈകിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ പ്രതിഷേധങ്ങൾ ആളിക്കത്തുന്നതിനിടയിലാണ് പുതിയ വിവാദവും.
