കോന്നി പാറമട ദുരന്തം: കുടുങ്ങിക്കിടന്നയാളുടെ മൃതദേഹം കണ്ടെത്തി

 

 

പത്തനംതിട്ട പാറമട ദുരന്തത്തില്‍പ്പെട്ട് പാറക്കല്ലുകള്‍ക്കടിയില്‍ കുടുങ്ങിക്കിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. മണിക്കൂറുകളുടെ ശ്രമത്തിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. ബിഹാര്‍ സ്വദേശിയായ അജയ് റായ് ആണ് മരിച്ചത്. ഇദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന മറ്റൊരാളുടെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. ഹിറ്റാച്ചിയിലെ ക്യാബിനുള്ളിലാണ് മൃതദേഹമുള്ളത്. ഫയര്‍ ഫോഴ്‌സും എന്‍ഡിആര്‍എഫും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

താഴ്ഭാഗത്തുനിന്ന് മൃതദേഹം പുറത്തെടുക്കാന്‍ തീവ്രശ്രമങ്ങള്‍ നടക്കുകയാണ്. അതിസാഹസികമായാണ് മൃതദേഹം പുറത്തെടുക്കാന്‍ നീക്കം നടക്കുന്നത്. കൊല്ലത്തുനിന്ന് ലോങ് ബൂം എസ്‌കവേറ്റര്‍ ഉള്‍പ്പെടെ എത്തിച്ചാണ് അവശിഷ്ടങ്ങള്‍ നീക്കി പരിശോധന നടത്തിവന്നത്. ഇതിനിടെ ഫയര്‍ ഫോഴ്‌സിന് സംശയം തോന്നുകയും പിന്നീട് മാധ്യമങ്ങളുടെ ഉള്‍പ്പെടെ ആകാശ ദൃശ്യങ്ങള്‍ വിശദമായി പരിശോധിച്ച ശേഷം ഹിറ്റാച്ചിയുടെ ക്യാബിനുള്ളില്‍ ശരീരഭാഗമുള്ളതായി ഉറപ്പിക്കുകയുമായിരുന്നു.

 

ഫയര്‍ ഫോഴ്‌സ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റേയും എന്‍ഡിആര്‍എഫിന്റേയും ഉദ്യോഗസ്ഥരാണ് ദൗത്യത്തില്‍ പങ്കാളികളാകുന്നത്. ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ നില്‍ക്കുന്നയിടത്തുനിന്നും 15 മുതല്‍ 20 അടിയോളം താഴേക്ക് ഇറങ്ങിയാല്‍ മാത്രമേ മൃതദേഹത്തിനടുത്ത് എത്താനാകൂ. പരിസരത്താകെ വലിയ പാറക്കെട്ടുകളാണുള്ളത്. കനത്ത ഇരുട്ടും വെല്ലുവിളിയുയര്‍ത്തുന്നുണ്ട്. ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരായ അമല്‍, ജിത്തു, ദിനുമോന്‍ എന്നിവരാണ് വടംകെട്ടി താഴേക്കിറങ്ങി മൃതദേഹം പുറത്തെടുക്കാന്‍ ശ്രമിക്കുന്നത്.

ഇതര സംസ്ഥാന തൊഴിലാളികളായ ഓപ്പറേറ്റര്‍ അജയ് റായ്, സഹായി മഹാദേശ് എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. കോന്നി പയ്യനാമണ്ണില്‍ പാറമടയിലാണ് അപകടമുണ്ടായത്. ഇന്നലെ മഹാദേശിന്റെ മൃതദേഹം കണ്ടെത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *