കോഴിക്കോട് മെഡി. കോളേജ് കാഷ്വാലിറ്റിയിലെ പുക: മരിച്ചത് 4 രോഗികള്‍, അപകടവുമായി ബന്ധമില്ലെന്ന് അധികൃതര്‍
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ പുക ഉയർന്ന സംഭവത്തിൽ ഇന്ന് ഉന്നതല യോഗം ചേരും. അപകട സമയത്ത് മരിച്ച നാല് പേരുടെ മരണകാരണം ഈ സംഭവവുമായി ബന്ധമില്ലെന്ന് ആശുപത്രി പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ പ്രിൻസിപ്പലിനെ പൂർണമായും തള്ളി മരിച്ച വയനാട് സ്വദേശി നസീറയുടെ ബന്ധുക്കൾ രംഗത്തെത്തി.
ഇന്നലെ രാത്രി 7.45 ഓടെയാണ്കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. യുപിഎസ് റൂമിലും ബാറ്ററി കത്തിയതോടെ പുക കാഷ്വാലിറ്റിയിലെ ബ്ലോക്കുകളിൽ പടർന്നു. റെഡ് സോൺ ഏരിയയിൽ അടക്കം നിരവധി രോഗികളാണ് ആ സമയത്ത് ഉണ്ടായിരുന്നത്.ഇവരെയെല്ലാം പെട്ടെന്ന് തന്നെ പുറത്തു എത്തിക്കുകയും മെഡിക്കൽ കോളേജിലെ മറ്റ് വിഭാഗങ്ങളിലേക്കും വിവിധ ആശുപത്രികളിലേക്ക് മാറ്റുകയും ചെയ്തു
അപകട സമയത്ത് നാല് മരണമാണ് സംഭവിച്ചത്. എന്നാൽ ഈ മരണങ്ങളുടെ കാരണം അപകടമാകാൻ സാധ്യത ഇല്ലെന്നായിരുന്നു ആശുപത്രി പ്രിൻസിപ്പലുടെ വിശദീകരണം.
ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്ന് ഉന്നതല യോഗം ചേരും.കോഴിക്കോട് മെഡിക്കൽ കോളേജിലെ കാഷ്വാലിറ്റി താൽക്കാലികമായി ബീച്ച് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.അതുവരെ പഴയ ക്യാഷ്വാലിറ്റി എമർജൻസി വിഭാഗമാക്കി മാറ്റാനാണ് തീരുമാനം.യുപിഎസ് ബാറ്ററികൾ കത്തിയത് എങ്ങനെയെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് പരിശോധന നടത്തും.ഫയർഫോഴ്സും ഇന്ന് കൂടുതൽ പരിശോധനയ്ക്ക് എത്തും. പുക പടർന്നു പിടിച്ച സാഹചര്യത്തിൽ വിശദമായ പരിശോധനയ്ക്ക് ശേഷം മാത്രമേ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിന്റെ പ്രവർത്തനം പുനരാരംഭിക്കൂ.