കെ.പി.സി.സി ദ്വിദിന നേതൃക്യാമ്പ് ഞായറാഴ്ച മുതൽ വയനാട്ടിൽ
സുൽത്താൻബത്തേരി: നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കം ചര്‍ച്ച ചെയ്യുന്നതിനായി കെ.പി.സി.സിയുടെ നേതൃത്വത്തില്‍ നടക്കുന്ന ‘ലക്ഷ്യ ലീഡര്ഷിപ് സമ്മിറ്റ്’ ദ്വിദിന ക്യാമ്പ് ഞായർ, തിങ്കൾ ദിവസങ്ങളിൽ സുല്‍ത്താന്‍ബത്തേരി സപ്ത കണ്വെന്ഷന് സെന്ററില്‍ നടക്കുമെന്ന് സംഘടന ചുമതലയുള്ള ജനറല്‍ സെക്രട്ടറി നെയ്യാറ്റിന്‍കര സനല്‍ അറിയിച്ചു. ഞായറാഴ്ച രാവിലെ 9.30ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എയുടെ അധ്യക്ഷതയില്‍ നടക്കുന്ന സമ്മേളനം എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എം.പി ഉദ്ഘാടനം ചെയ്യും.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗങ്ങള്‍, മുന്‍ കെ.പി.സി.സി പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ ഭരണത്തിനെതിരായ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് യോഗം രൂപം നല്‍കും. തിങ്കളാഴ്ച വൈകീട്ട് മൂന്നിന് സമാപന സമ്മേളനത്തോടെ ക്യാമ്പ് അവസാനിക്കും.
