കെ.എസ്.യു ക്യാമ്പിലെ തമ്മിൽത്തല്ല്; നാല് ഭാരവാഹികൾക്ക് സസ്പെൻഷൻ
തിരുവനന്തപുരം: കെ.എസ്.യു തെക്കൻ മേഖലാ ക്യാമ്പിലെ തമ്മിൽത്തല്ലിൽ നാല് ഭാരവാഹികൾക്ക് സസ്പെൻഷൻ. സംസ്ഥാന ജനറൽ സെക്രട്ടറി അനന്തകൃഷ്ണൻ, തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ്, ജില്ലാ ജനറൽ സെക്രട്ടറി, എറണാകുളം ജില്ലാ സെക്രട്ടറി എന്നിവർക്കെതിരെയാണ് നടപടി. എൻഎസ്‌യുഐയുടേതാണ് നടപടി.KSU
ക്യാമ്പിലേക്ക് കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനെ ക്ഷണിക്കാതിരുന്നതിൽ കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിനോട് കമ്മീഷൻ വിശദീകരണവും ചോദിക്കും.
തമ്മിൽത്തല്ലിൽ കെ.എസ്.യു നേതൃത്വത്തെ കുറ്റപ്പെടുത്തി കെ.പി.സി.സി നിയോഗിച്ച അന്വേഷണ കമ്മീഷൻ ഇന്നലെ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ക്യാമ്പ് നടത്തിപ്പിൽ കെ.എസ്.യു നേതൃത്വത്തിന് ഗുരുതര വീഴ്ച സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. കെ.എസ്.യു നേതൃത്വത്തിലെ ഒരുവിഭാഗം, വിഭാഗീയ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുന്നെന്നും റിപ്പോർട്ടിൽ കണ്ടെത്തലുണ്ട്.
കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനെ ക്യാമ്പിലേക്ക് ക്ഷണിച്ചെന്നായിരുന്നു കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞത്. ഇത് തെറ്റാണെന്നാണ് അന്വേഷണ റിപ്പോർട്ട് പറയുന്നത്. ക്ഷണിക്കാതിരുന്നത് വിഭാഗീയ പ്രവർത്തനങ്ങളുടെ ഭാഗമാണെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ കുട്ടികളല്ലേ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ മറുപടി.