കുണ്ടറയിൽ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച് ട്രെയിൻ അട്ടിമറി ശ്രമം; പ്രതികൾ പിടിയിൽ
കൊല്ലം കുണ്ടറയിൽ റെയിൽവേ പാളത്തിന് കുറുകെ ടെലിഫോൺ പോസ്റ്റ് വെച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ. കുണ്ടറ സ്വദേശി രാജേഷ്, പെരുമ്പുഴ സ്വദേശി അരുൺ എന്നിവരാണ് പിടിയിലായത്. സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പൊലീസ് പിടികൂടിയത്. മദ്യത്തിന് പുറത്ത് ചെയ്തു പോയതാണെന്നും തെറ്റ് പറ്റി പോയെന്നും പ്രതികൾ മൊഴി നൽകി. കൊല്ലം റൂറൽ എസ് പി യുടെ സാന്നിധ്യത്തിൽ പ്രതികളുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. പെരുമ്പുഴ സ്വദേശി അരുൺ നേരത്തെ പൊലീസിനെ അക്രമിച്ച കേസിലും പ്രതിയാണ്.

വൻ അപകടം തെന്നിമാറിയത് തലനാരിഴയ്ക്കാണ്. കുണ്ടറ ആറുമുറിക്കട പഴയ ഫയർ സ്റ്റേഷന് സമീപത്തുള്ള റെയിൽവേ പാളത്തിന് കുറുകയാണ് ടെലിഫോൺ പോസ്റ്റ് കണ്ടെത്തിയത്. ഇന്ന് പുലർച്ചെ 2 മണിയോടുകൂടി പ്രദേശവാസികളാണ് റെയിൽവേ ട്രാക്കിൽ പോസ്റ്റ് കണ്ടത്. പിന്നീട് ഇക്കാര്യം പൊലീസിൽ വിളിച്ചറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് എഴുകോൺ പൊലീസ് എത്തി ഇരുമ്പ് പോസ്റ്റ് എടുത്ത് മാറ്റി.
എന്നാൽ പൊലീസ് പോയതിന് പിന്നാലെ വീണ്ടും 3 മണിയോടെ റെയിൽവേപാളത്തിൽ വീണ്ടും പോസ്റ്റ് പ്രത്യക്ഷപ്പെട്ടു. തുടർന്ന് പൊലീസ് എത്തി പോസ്റ്റ് വീണ്ടും ട്രാക്കിൽ നിന്ന് നീക്കം ചെയ്യുകയായിരുന്നു. പാലരുവി എക്സ്പ്രസ്സിനെ ലക്ഷ്യം വെച്ചായിരിക്കാം അട്ടിമറി ശ്രമമുണ്ടായതെനാണ് പ്രാഥമിക നിഗമനം. പൊലീസിന്റെ സമയോചിതമായ ഇടപെടലിലാണ് വൻ അപകടം വഴിമാറിയത്.