സൂപ്പർ സെൻ ഡേ! ജപ്പാൻ മാസ്റ്റേഴ്സ് കിരീടം നേടുന്ന ആദ്യ ഇന്ത്യൻ താരമായി ലക്ഷ്യ സെൻ

ടോക്യോ: കുമാമോട്ടോ മാസ്റ്റേഴ്സ് ജപ്പാൻ ബാഡ്മിന്റൺ പുരുഷ സിംഗ്ൾസ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ ലക്ഷ്യ സെൻ. ഞായറാഴ്ച നടന്ന ആവേശകരമായ ഫൈനലിൽ ജപ്പാന്റെ കൊക്കി വതനാബെയെ ഒന്നിനെതിരെ രണ്ട് ഗെയിമുകൾക്ക് തകർത്താണ് യുവതാരം ചാമ്പ്യനായത്. സ്കോർ: 13-21, 21-18, 21-14. ഈ ബി.ഡബ്ല്യു.എഫ് സൂപ്പർ 500 ടൂർണമെന്റിൽ കിരീടം കരസ്ഥമാക്കുന്ന ആദ്യ ഇന്ത്യക്കാരനെന്ന ചരിത്രനേട്ടവും ഇതോടെ ലോക 13ാം നമ്പർ താരമായ ലക്ഷ്യ സ്വന്തമാക്കി.
ആക്രമണോത്സുകമായി കളിച്ച ലോക 15ാം നമ്പർ താരം വതനാബെ 21-13ന് ആദ്യ ഗെയിം നേടി. എന്നാൽ, രണ്ടാം സെറ്റിൽ ശക്തമായി തിരിച്ചുവന്ന ലക്ഷ്യ, വതനാബെയുടെ അവസാന നിമിഷത്തെ ചെറുത്തുനിൽപ്പിനെ അതിജീവിച്ച് 21-18ന് പിടിച്ചെടുത്തു. നിർണായകമായ മൂന്നാം ഗെയിം തുടക്കത്തിൽ ഒപ്പത്തിനൊപ്പം നിന്നെങ്കിലും, പിന്നീട് തുടർച്ചയായി ഏഴ് പോയന്റുകൾ നേടി 17-7 എന്ന നിലയിലേക്ക് കുതിച്ച ലക്ഷ്യ 21-14ന് മത്സരവും കിരീടവും ഉറപ്പിക്കുകയായിരുന്നു. 64 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യൻ താരത്തിന്റെ വിജയം. ഈ മാസം ആദ്യം ജർമനിയിൽ നടന്ന ഹൈലോ ഓപണിന് പിന്നാലെ ലക്ഷ്യ നേടുന്ന തുടർച്ചയായ രണ്ടാം സൂപ്പർ 500 കിരീടമാണിത്.
ഒരു കലണ്ടർ വർഷത്തിൽ ലക്ഷ്യ സെൻ രണ്ട് ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ കിരീടങ്ങൾ നേടുന്നതും ഇതാദ്യമാണ്. ഇതോടെ താരത്തിന്റെ ആകെ വേൾഡ് ടൂർ കിരീടങ്ങളുടെ എണ്ണം ആറായി ഉയർന്നു. ഈ വർഷം സിംഗപ്പുർ ഓപണിലും ജപ്പാൻ ഓപണിലും വതനാബെയോടേറ്റ തോൽവികൾക്കുള്ള മധുരപ്രതികാരം കൂടിയായി വിജയം. സീസൺ അവസാനിക്കുന്ന ബി.ഡബ്ല്യു.എഫ് വേൾഡ് ടൂർ ഫൈനൽസിലേക്ക് യോഗ്യത നേടാനുള്ള ലക്ഷ്യയുടെ സാധ്യതകൾക്ക് ഇത് വലിയ കരുത്തേകും.
