‘ലിയോ’ തമിഴ്നാടിന് മുന്‍പ് കേരളത്തില്‍ എത്തും; ആദ്യ പ്രദർശനം കേരളത്തിൽ; തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഷോയില്ല
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു വിജയ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രമായ ലിയോ പ്രദർശനത്തിനെത്തുക. എന്നാൽ ലിയോ ആദ്യ പ്രദർശനം തമിഴ്നാടിന് മുൻപ് കേരളത്തിൽ ആയിരിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട്. മലയാളത്തിലെ പ്രമുഖ നിര്‍മാതാക്കളായ ശ്രീ ഗോകുലം മൂവിസാണ് ലിയോയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
ലിയോയുടെ ആദ്യ പ്രദർശനം കേരളത്തില്‍ ഒക്ടോബര്‍ 19ന് പുലര്‍ച്ചെ നാല് മണി മുതല്‍ ആരംഭിക്കും. എന്നാല്‍ തമിഴ്നാട്ടില്‍ ഒൻപത് മണിക്കാകും ആദ്യ ഷോ. 4 Am, 7.15 Am, 10 .30 Am, 2 Pm , 5.30 Pm, 9 PM, 11.59 Pm എന്നിങ്ങനെയാണ് കേരളത്തിൽ ലിയോ എന്ന സിനിമ പ്രദർശിപ്പിക്കുന്ന സമയം.നേരത്തെ അജിത്ത് നായകനായി എത്തിയ ‘തുനിവ്’ എന്ന സിനിമയുടെ റിലീസിനിടെ ഒരു ആരാധകൻ മരണപ്പെട്ടിരുന്നു. ഇതിന് ശേഷം തമിഴ്നാട്ടിലെ നാല് മണി ഷോയ്ക്ക് അവിടുത്തെ സർക്കാർ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.
ഇതോടെയാണ് ലിയോ തമിഴ്നാട്ടിൽ പ്രദർശിപ്പിക്കാൻ വൈകുന്നത്.ലിയോയുടെ ടിക്കറ്റ് ബുക്കിങ്ങിന് ഇന്നലെ ആരംഭിച്ചു കഴിഞ്ഞു. തമിഴ്നാട്ടില്‍ പുലര്‍ച്ചെയുള്ള ഷോകള്‍ക്ക് അനുമതിയില്ലാത്തതിനാല്‍ കേരളത്തിലും ഷോ വൈകി തുടങ്ങിയാല്‍ മതിയെന്ന് നേരത്തെ തീരുമാനം ഉണ്ടായിരുന്നു. എന്നാല്‍ പുലര്‍ച്ചെയുള്ള ഷോകള്‍ അനുവദിക്കണം എന്ന വിതരണക്കാരുടെ ആവശ്യം നിര്‍മാതാക്കള്‍ അംഗീകരിക്കുകയായിരുന്നു.
ഇതോടെ കേരള- തമിഴ്നാട് അതിര്‍ത്തിയിലെ തിയേറ്ററുകളില്‍ വലിയ തിരക്ക് ഉണ്ടാകുമെന്നാണ് കരുതുന്നത്. പാലക്കാട്, ഇടുക്കി, കൊല്ലം, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ തമിഴ്നാട്ടിൽനിന്നുള്ള ആരാധകർ പുലർച്ചെയുള്ള ഷോ കാണാൻ എത്തിയേക്കും.ഏറെ സവിശേഷതകളോടെയാണ് ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോ പ്രദർശനത്തിനെത്തുന്നത്.
14 വര്‍ഷങ്ങള്‍ക്കു ശേഷം വിജയ്ക്കൊപ്പം നായികയായി തൃഷ എത്തുന്നു എന്നതാണ് പ്രധാന സവിശേഷത. സെവൻ സ്‌ക്രീൻ സ്റ്റുഡിയോ, ദി റൂട്ട് എന്നീ ബാനറുകളില്‍ ലളിത് കുമാറും ജഗദീഷ് പളനിസാമിയും ചേര്‍ന്നാണ് ലിയോ നിർമിച്ചിരിക്കുന്നത്. ശ്രീഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ ആണ് കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയത്.
സഞ്ജയ് ദത്ത്, അര്‍ജുൻ സര്‍ജ, ഗൗതം മേനോൻ, മിഷ്കിൻ, മാത്യു തോമസ്, മൻസൂര്‍ അലി ഖാൻ, പ്രിയ ആനന്ദ്, സാൻഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി എന്നിങ്ങനെ വമ്പൻ താരനിരയാണ് ലിയോയിൽ അണിനിരക്കുന്നത്.