‘വായ്പാ തട്ടിപ്പ് നടത്തി’: അനില്‍ അംബാനിക്കെതിരെ ബാങ്ക് ഓഫ് ഇന്ത്യയും

ന്യൂഡല്‍ഹി: അനില്‍ അംബാനി വായ്പാ തട്ടിപ്പ് നടത്തിയതായി ബാങ്ക് ഓഫ് ഇന്ത്യയും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്ക്( എസ്ബിഐ) പിന്നാലെയാണ് മറ്റൊരു ബാങ്ക് കൂടി അനില്‍ അംബാനിക്കെതിരെ രംഗത്ത് എത്തുന്നത്. 2016ല്‍ വായ്പ തുക, വ്യവസ്ഥകള്‍ക്ക് വിരുദ്ധമായി വകമാറ്റി ചെലവഴിച്ചതിനെ തുടര്‍ന്നാണ് തട്ടിപ്പുകാരുടെ പട്ടികയില്‍ അനില്‍ അംബാനിയുടെ പേരും ഉള്‍പ്പെടുത്തിയത്.

 

മൂലധന പ്രവര്‍ത്തന ചെലവുകള്‍ നടത്താനും നിലവിലുള്ള ബാധ്യതകള്‍ തീര്‍ക്കാനുമാണ് ബാങ്ക് ഓഫ്, ഇന്ത്യ റിയലന്‍സ് കമ്മ്യൂണിക്കേഷന് 700 കോടി രൂപ വായ്പ അനുവദിച്ചിരുന്നത്. എന്നാല്‍, വായ്പയായി ലഭിച്ച തുകയുടെ പകുതിയും സ്ഥിരനിക്ഷേപമായി മാറ്റുകയായിരുന്നു.

 

ഈ നടപടി വായ്പ നല്‍കിയ സമയത്തെ വ്യവസ്ഥകള്‍ക്ക് വിരുദ്ധമായിരുന്നു. ബാങ്ക് ഫണ്ട് വകമാറ്റി ചെലവഴിച്ചതിനും വായ്പയുടെ നിബന്ധനകള്‍ ലംഘിച്ചതിനും എസ്ബിഐ ഇതേ നടപടി കൈക്കൊണ്ടിരുന്നു. എസ്ബിഐയുടെ പരാതിക്ക് പിന്നാലെ റിലയലന്‍സ് കമ്മ്യൂണിക്കേഷനുമായി ബന്ധപ്പെട്ട സ്ഥലങ്ങളിലും അനില്‍ അംബാനിയുടെ വീട്ടിലും സിബിഐ പരിശോധന നടത്തിയിരുന്നു.

 

റിയലന്‍സ് കമ്മ്യൂണിക്കേഷനും അംബാനിയും നടത്തിയ തട്ടിപ്പുമൂലം 2929.05 കോടി രൂപ നഷ്ടമുണ്ടായതായാണ് എസ്ബിഐയുടെ പരാതി. അതേസമയം തനിക്കെതിരെ വരുന്ന എല്ലാ ആരോപണങ്ങളെയും നിഷേധിക്കുന്നതായി അനില്‍ അംബാനിയുടെ വക്താവ് പ്രസ്താവനയില്‍ പറഞ്ഞു. പരാതിയെ നിയമപരമായി നേരിടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *