ലോക്‌സഭാ തെരഞ്ഞെടുപ്പ്; ഇന്ന് വാരാണസിയിൽ രാഹുലിന്‍റേയും അഖിലേഷിന്‍റെയും സംയുക്ത റാലി
ലഖ്‌നൗ: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടം ജൂൺ ഒന്നിന് നടക്കാനിരിക്കെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രചരണം ശക്തമാക്കുകയാണ് മുന്നണികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം മണ്ഡലമായ വാരാണസിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഇന്ന് സംയുക്ത റാലി നടത്തും. കോൺഗ്രസിന്റെ അജയ് റായിയും ബഹുജൻ സമാജ് പാർട്ടിയുടെ അഥർ ജമാൽ ലാരിയുമാണ് മോദിയുടെ എതിരാളികൾ.Elections
2014-ലെയും 2019-ലെയും ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ യുപി കോൺഗ്രസ് മേധാവി റായിയെ പ്രധാനമന്ത്രിക്കെതിരെ വാരാണസിയിൽ കോൺഗ്രസ് രംഗത്തിറക്കിയെങ്കിലും രണ്ടുതവണയും അദ്ദേഹം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ബിജെപിയുടെ ശക്തികേന്ദ്രമാണ് വാരാണസി.
ആറാം ഘട്ട വോട്ടെടുപ്പിന് ശേഷം തങ്ങൾ 400 സീറ്റുകളോട് അടുക്കുമെന്നും തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിന് ശേഷം അത് കടക്കുമെന്നും ബിജെപി കഴിഞ്ഞ ദിവസം ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.
ഈ ഘട്ടത്തിൽ ബിഹാർ (8 ) ചണ്ഡീഗഡ് (1 ), ഹിമാചൽ പ്രദേശ് (4) ജാർഖണ്ഡ് (3 ) ഒഡീഷ (6 ) പഞ്ചാബ് (13) ഉത്തർപ്രദേശ് (13) പശ്ചിമ ബംഗാൾ (9 ) എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്.
8 സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 57 ലോക്സഭാ മണ്ഡലങ്ങളിലായി 904 സ്ഥാനാർത്ഥികളാണ് മത്സരരംഗത്തുള്ളത്. ഫലം ജൂൺ 4ന് പ്രഖ്യാപിക്കും.