മഹാരാഷ്ട്രയില്‍ രണ്ട് നഴ്സറി വിദ്യാര്‍ഥികള്‍ക്ക് പീഡനം; 23 കാരനായ ശുചീകരണ തൊഴിലാളി പിടിയില്‍, വ്യാപക പ്രതിഷേധം
താനെ: മഹാരാഷ്ട്രയിലെ താനെയിൽ സ്‌കൂൾ ശുചീകരണ തൊഴിലാളി നാല് വയസുള്ള രണ്ട് പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ വ്യാപക പ്രതിഷേധം. ബദൽപൂർ റെയിൽവേസ്റ്റേഷനിൽ പ്രതിഷേധക്കാർ റെയിൽപാളത്തിലിറങ്ങി പ്രതിഷേധിച്ചു. ആറുമണിക്കൂറിലധികം നീണ്ട പ്രതിഷേധത്തെ നേരിടാൻ പൊലീസിനും സാധിച്ചില്ല. കണ്ണീർവാതകം പ്രയോഗിച്ച പൊലീസിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു. പ്രതിയെ തൂക്കിലേറ്റണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം.raped
അതേസമയം കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് പൊലീസിന് വലിയ വീഴ്ച പറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി കുട്ടികളുടെ രക്ഷിതാക്കൾക്ക് 11 മണിക്കൂർ പൊലീസ് സ്റ്റേഷനിൽ കാത്തിരിക്കേണ്ടി വന്നതായി പരാതിയുണ്ട്. പരാതിക്ക് പിന്നാലെ മൂന്ന് പൊലീസുകാരെ സസ്‌പെന്റ് ചെയ്തു.
താനെ ജില്ലയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം നഴ്സറി സ്‌കൂളിൽ ആഗസ്റ്റ് 12, 13 ദിവസങ്ങളിലായിരുന്നു സംഭവം നടന്നത്. 23 കാരനായ പ്രതി അക്ഷയ് ഷിൻഡെ കുട്ടികളെ സ്‌കൂൾ ശൗചാലയത്തിൽ വച്ചാണ് പീഡിപ്പിച്ചത്. സ്‌കൂളിലെ താൽകാലിക ശുചീകരണത്തൊഴിലാളിയാണ് ഇയാൾ. മാതാപിതാക്കളുടെ പരാതിയിൽ താനെ പൊലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ അറസ്റ്റു ചെയ്തു. അതേസമയം സ്‌കൂളിന്റെ സുരക്ഷാ നടപടികളിൽ വീഴ്ച കണ്ടെത്തി. സി.സി.ടി.വി പ്രവർത്തനരഹിതമാണെന്നും പെൺകുട്ടികളുടെ ശൗചാലയങ്ങളിൽ വനിതാ അറ്റൻഡർമാരില്ലായിരുന്നുവെന്നും അന്വേഷണത്തിൽ വ്യക്തമായി. സ്‌കൂൾ മാനേജ്‌മെന്റ് പ്രിൻസിപ്പാളിനെയും ക്ലാസ് ടീച്ചറേയും മറ്റൊരു ജീവനക്കാരിയയും സസ്‌പെൻഡ് ചെയ്തു.
അന്വേഷണത്തിന് വനിതാ ഐപിഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘത്തെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു