ടെല​ഗ്രാമിലൂടെ കുട്ടികളുടേത് ഉൾപ്പെടെയുള്ള അശ്ലീല വീഡിയോകൾ വില്പന നടത്തിയ യുവാവ് അറസ്റ്റിൽ

മലപ്പുറം: കുട്ടികളുടേതടക്കമുള്ള അശ്ലീല ദൃശ്യങ്ങൾ ടെലഗ്രാം വഴി വിൽപന നടത്തി ലാഭമുണ്ടാക്കിയ നിലമ്പൂർ ചുങ്കത്തറ സ്വദേശി സഫ്വാനെ (20) മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലാ പോലീസ് മേധാവി വിശ്വനാഥ് ആർ. ഐപിഎസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. ടെലഗ്രാമിലെ വിവിധ ഗ്രൂപ്പുകളും സ്വകാര്യ ചാനലുകളും വഴി ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ച് പണം സമ്പാദിക്കുകയായിരുന്നു ഇയാളുടെ രീതി.
പ്രതിയുടെ പക്കൽ നിന്ന് രണ്ട് മൊബൈൽ ഫോണുകൾ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ നേരത്തെ കഞ്ചാവ് കേസിലും പ്രതിയായിരുന്നു. നിലവിൽ പോക്‌സോ (POCSO), ഐടി ആക്ട് തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസെടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഓൺലൈൻ വഴിയുള്ള നിയമലംഘനങ്ങൾ തടയുന്നതിനുമായി സൈബർ നിരീക്ഷണം ശക്തമാക്കിയതായും കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *