മലപ്പുറം പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് നാളെ ആരംഭിക്കും
മലപ്പുറം പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പ് നാളെ ആരംഭിക്കും. രണ്ട് ദിവസങ്ങളിലായാണ് ഹജ്ജ് തീർത്ഥാടകർക്ക് ഹജ്ജ് കർമങ്ങളുടെ പൂർണ വിവരങ്ങൾ നൽകുന്ന ക്യാമ്പ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്ത് നിന്ന് പതിനായിരത്തോളം പേരെയാണ് പൂക്കോട്ടൂർ ഹജ്ജ് ക്യാമ്പിന് പ്രതീക്ഷിക്കുന്നത് .
പൂക്കോട്ടൂരിലെ പി.കെ.എം.ഐ.സി ക്യാമ്പസിലാണ് രണ്ട് ദിവസത്തെ ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നത് . ഹാജിമാർ വീട്ടിൽ നിന്നിറങ്ങി തിരിച്ചെത്തുന്നത് വരെയുള്ള കർമങ്ങൾ വിവരിക്കുന്ന ഹജ്ജ് ക്യാമ്പിൽ അബ്ദുസ്സമദ് പൂക്കോട്ടൂർ ക്ലാസ് നയിക്കും. പ്രധാന കർമങ്ങളുടെ പ്രായോഗിക പരിശീലനത്തിനും ക്യാമ്പിൽ സംവിധാനമുണ്ട് . എണ്ണായിരത്തോളം ഹജ്ജ് തീർത്ഥാടകരെയാണ് ഇത്തവണ ക്യാമ്പിൽ പ്രതീക്ഷിക്കുന്നത്. ക്ലാസിൽ പങ്കെടുക്കാനെത്തുന്നവർക്ക് ഭക്ഷണത്തിനും, താമസത്തിനമുൾപ്പെടെയുള്ള സൗകര്യങ്ങൾ സജ്ജമാണെന്ന് സംഘാടകർ പറഞ്ഞു.
നാളെ രാവിലെ 9 .30ന് സമസ്ത പ്രസിഡന്റ് ജിഫിരി മുത്തുക്കോയ തങ്ങളാണ് ക്യാമ്പ് ഉദ്‌ഘാടനം ചെയ്യുക. സ്വാദിഖ് അലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിക്കും. പ്രൊഫസ്സർ കെ.ആലിക്കുട്ടി മുസ്‌ലിയാർ, പി. കെ. കുഞ്ഞാലികുട്ടി തുടങ്ങിയവർ ചടങ്ങിൽ മുഖ്യാതിഥികളായി പങ്കെടുക്കും. പൂക്കോട്ടൂർ ഖിലാഫത് മെമ്മോറിയൽ ഇസ്ലാമിക് സെന്‍റർ കമ്മിറ്റിയും സൗദി കെ.എം.സി.സി നാഷണൽ കമ്മിറ്റിയും ചേർന്നാണ് 23-ാമത് ഹജ്ജ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.