മമ്മൂട്ടി നടന്‍, വിന്‍സി അലോഷ്യസ് നടി, നന്‍പകല്‍ നേരത്ത് മയക്കം ചിത്രം; 53-ാമത് ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: 53-ാമത് സംസ്ഥാന ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിച്ചു. മമ്മൂട്ടി ആണ് മികച്ച നടൻ. വിന്‍സി അലോഷ്യസ് മികച്ച നടിയും. ‘നന്‍പകല്‍ നേരത്ത് മയക്കം’ ആണ് മികച്ച ചിത്രം. ചിത്രത്തിലെ പ്രകടനമാണ് മമ്മൂട്ടിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ‘രേഖ’യിലെ പ്രകടനത്തിനാണ് വിന്‍സിക്ക് പുരസ്കാരം. ‘ന്നാ താന്‍ കേസ് കൊട്’ ചിത്രത്തിലെ പ്രകടനത്തിന് കുഞ്ഞാക്കോ ബോബന് പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. ‘ന്നാ താന്‍ കേസ് കൊട്’ ആണ് ആണ് മികച്ച ജനപ്രിയ ചിത്രം.
രതീഷ് ബാലകൃഷ്ണ പൊതുവാൾ(ന്നാ താൻ കേസ് കൊട്) ആണ് മികച്ച തിരക്കഥാകൃത്ത്. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരം ഡോണ്‍ വിന്‍സെന്‍റിനാണ്(ന്നാ താന്‍ കേസ് കൊട്). മികച്ച സംഗീത സംവിധായകനായി എം. ജയചന്ദ്രനും ഗായകനായി കപില്‍ കബിലനും ഗായികയായി മൃദുല വാരിയറും ഗാനരചയിതാവായി റഫീഖ് അഹമ്മദും തിരഞ്ഞെടുക്കപ്പെട്ടു. ഷാഹി കബീര്‍ മികച്ച നവാഗത സംവിധായകനാണ്. ചിത്രം ഇലവീഴാപൂഞ്ചിറ. പല്ലൊട്ടി 90 കിഡ്സ് ആണ് മികച്ച കുട്ടികളുടെ ചിത്രം.
മറ്റു പുരസ്കാരങ്ങള്‍
സ്വഭാവനടി: ദേവി വർമ(സൗദി വെള്ളക്ക)
സ്വഭാവ നടൻ: പി.പി കുഞ്ഞിക്കൃഷ്ണൻ(ന്നാ താൻ കേസ് കൊട്)
പ്രത്യേക ജൂറി അവാർഡ്-അഭിനയം: കുഞ്ഞാക്കോ ബോബൻ, അലൻസിയർ
കലാസംവിധാനം: ജ്യോതിഷ് ശങ്കർ(ന്നാ താൻ കേസ് കൊട്)
ചിത്രസംയോജകൻ: നിഷാദ് യൂസഫ്(തല്ലുമാല)
വി.എഫ്എക്‌സ്: അനീഷ് ടി, സുമേഷ് ഗോപാൽ(വഴക്ക്)
ട്രാൻസ്‌ജെൻഡർ വിഭാഗത്തിലെ പ്രത്യേക അവാർഡ്: ശ്രുതി ശരണ്യം(ബി 32 മുതൽ 44 വരെ)
നൃത്ത സംവിധാനം: ഷോബി പോൾ രാജ്(തല്ലുമാല)
ഡബ്ബിങ് ആർടിസ്റ്റ്: പൗളി വിൽസൻ(സൗദി വെള്ളക്ക-കഥാപാത്രം ആയിഷ റാവുത്തർ), ഷോബി തിലകൻ(പത്തൊൻപതാം നൂറ്റാണ്ട്-കഥാപാത്രം പടവീരൻ തമ്പി)
വസ്ത്രാലങ്കാരം: മഞ്ജുഷ രാധാകൃഷ്ണൻ(സൗദി വെള്ളക്ക)
മേക്കപ്പ് ആർടിസ്റ്റ്: റോണക്‌സ് സേവ്യർ(ഭീഷ്മപർവം)
പ്രോസസിങ് ലാബ് കളറിസ്റ്റ്: ആഫ്റ്റർ സ്റ്റുഡിയോസ്(ഇലവീഴാ പൂഞ്ചിറ), ആർ. രംഗരാജൻ(വഴക്ക്)
ശബ്ദരൂപകൽപന: അജയൻ അടാട്ട്(ഇലവീഴാ പൂഞ്ചിറ)
ശബ്ദമിശ്രണം: വിപിൻ നായർ(ന്നാ താൻ കേസ് കൊട്)
സിങ്ക് സൗണ്ട്: വൈശാഖ് പി.വി(അറിയിപ്പ്)
സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ആണ് പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചത്. ബംഗാളി സംവിധായകൻ ഗൗതം ഘോഷ് അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാരജേതാക്കളെ തിരഞ്ഞെടുത്തത്. 154 സിനിമകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. 49 സിനിമകൾ അവസാന ഘട്ടത്തിലെത്തി. ബുധനാഴ്ചയാണ് പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്ക്കുകയായിരുന്നു.