സാമ്പത്തിക ക്രമക്കേടിൽ മാഞ്ചസ്റ്റർ സിറ്റി കുറ്റക്കാരെന്ന് കണ്ടെത്തൽ; സിറ്റിസൺസിനെ കാത്തിരിക്കുന്നതെന്ത്?

മാഞ്ചസ്റ്റർ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ സാമ്പത്തിക ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട കേസിൽ അതികായരായ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി. സാമ്പത്തിക ക്രമക്കേടിൽ ക്ലബിനെതിരെ ചുമത്തിയ 115 കുറ്റങ്ങളിൽ ഒന്നൊഴികെ ബാക്കിയുള്ളവയിലെല്ലാം സിറ്റി കുറ്റക്കാരെന്ന് കണ്ടെത്തി. നാല് വർഷത്തോളം നീണ്ട അന്വേഷണത്തിന് ശേഷം സ്വതന്ത്ര അന്വേഷണ കമീഷന്റേതാണ് കണ്ടെത്തൽ.
എന്നാൽ സിറ്റിക്കെതിരെ എന്ത് ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നത് പാനൽ ഇതുവരെ തീരുമാനിച്ചിട്ടില്ല. നിയമപ്രകാരം എല്ലാവിധ സാധ്യതകളും പാനലിന്റെ പരിഗണനയിലുണ്ട്. വിധിക്കെതിരെ അപ്പീൽ പോകാനുള്ള അവസരം ഇംഗ്ലീഷ് ക്ലബിനുണ്ട്.
2023 ഫെബ്രുവരിയിലാണ് പ്രീമിയർ ലീഗ് സിറ്റിക്കെതിരെ കേസ് ചുമത്തിയത്. 2009 – 2018 കാലയളവിൽ നടന്ന സാമ്പത്തിക ലംഘനങ്ങളെക്കുറിച്ച് വർഷങ്ങളോളം നീണ്ട അന്വേഷണത്തിനൊടുവിലായിരുന്നു ഇത്. താരങ്ങൾക്കും പരിശീലകർക്കും നൽകിയ പ്രതിഫലത്തിന്റെ വിശദാംശങ്ങൾ അടക്കം കൃത്യമായ സാമ്പത്തിക വിവരങ്ങൾ നൽകുന്നതിൽ സിറ്റി ക്ലബ് പരാജയപ്പെട്ടു എന്നാണ് പ്രീമിയർ ലീഗിന്റെ പ്രധാന ആരോപണം. എന്നാൽ എല്ലാ ആരോപണങ്ങളും ക്ലബ് തുടർച്ചയായി നിഷേധിച്ചു വരികയാണ്.
ക്ലബ്ബിനെതിരെയുള്ള ആരോപണങ്ങളിൽ കുറ്റക്കാരെന്ന് കണ്ടെത്തിയതോടെ സിറ്റിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷ നടപടികളാണ്. പിഴ ചുമത്തൽ, പോയിന്റുകൾ വെട്ടിക്കുറയ്ക്കൽ, ലീഗിൽ നിന്ന് പുറത്താക്കൽ തുടങ്ങി നിരവധി ശിക്ഷകൾ പ്രീമിയർ ലീഗ് നിയമങ്ങളിൽ നിലവിലുണ്ട്. ക്ലബ്ബിനെതിരെ ഗുരുതരമായ കുറ്റങ്ങളാണ് തെളിഞ്ഞത് എന്നതിനാൽ തന്നെ കേവലം പിഴയിലോ താക്കീതിലോ ഒതുങ്ങാൻ സാധ്യതയില്ല. പോയിന്റ് വെട്ടിക്കുറയ്ക്കൽ മുതൽ ലീഗിൽ നിന്ന് പുറത്താക്കുന്നത് വരെയുള്ള ശിക്ഷകൾ ക്ലബിന് നേരിടേണ്ടി വന്നേക്കാം. ഇത് മുൻ സീസണുകളിലെയും പോയിന്റ് പട്ടികയെയും ക്ലബ് കിരീടങ്ങളെയും ബാധിക്കും.
സിറ്റി മുൻ സീസണുകളിൽ സ്വന്തമാക്കിയ കിരീടങ്ങൾ റദ്ദാക്കാനുള്ള സാധ്യതയും നിയമവിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. 2008ൽ ഷെയ്ഖ് മൻസൂറിന്റെ അബുദാബി യുനൈറ്റഡ് ഗ്രൂപ്പ് ഏറ്റെടുത്ത ശേഷം സിറ്റി എട്ട് തവണ പ്രീമിയർ ലീഗിൽ ചാമ്പ്യന്മാരായിട്ടുണ്ട്. ഇതിൽ ആറ് കിരീടങ്ങളും പ്രീമിയർ ലീഗിന്റെ അന്വേഷണ പരിധിയിലുള്ള കാലയളവിലാണ് ക്ലബ് സ്വന്തമാക്കിയത്. കൂടാതെ പുതിയ ഉടമസ്ഥർ വന്ന ശേഷം നാല് എഫ്എ കപ്പ്, ഏഴ് ലീഗ് കപ്പ്, ഒരു ചാമ്പ്യൻസ് ലീഗ് കിരീടവും സിറ്റി നേടിയിട്ടുണ്ട്.
ഇതിന് പുറമെ, യുവേഫ ടൂർണമെന്റുകളിൽ നിന്നുള്ള വരുമാനം തടയുക. പ്രീമിയർ ലീഗിൽ നിന്ന് തരംതാഴ്ത്തുക, യൂറോപ്യൻ ടൂർണമെന്റുകൾക്കായുള്ള സ്ക്വാഡിൽ പുതിയ കളിക്കാരെ രജിസ്റ്റർ ചെയ്യുന്നതിൽ വിലക്ക് ഏർപ്പെടുത്തുക, ക്ലബ്ബിന് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന കളിക്കാരുടെ എണ്ണം പരിമിതപ്പെടുത്തുക, യുവേഫ ടൂർണമെന്റുകളിൽ നിന്ന് ഒഴിവാക്കുക, ഭാവിയിലെ യൂറോപ്യൻ ടൂർണമെന്റുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കുക എന്നീ ശിക്ഷ നടപടികളും ക്ലബ്ബിനെതിരെ എടുത്തേക്കാം.
