ശാസ്ത്രത്തിന്റെ വിസ്മയലോകം തുറക്കാൻ മണ്ണാർക്കാട്; സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം 17 മുതൽ, ലോഗോ പുറത്തിറക്കി

മണ്ണാർക്കാട്: ഏഷ്യയിലെ ഏറ്റവും വലിയ സ്കൂൾ ശാസ്ത്രമേളക്ക് പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് ഒരുങ്ങുന്നു. നവംബർ 17 മുതൽ 21 വരെ നടക്കുന്ന മുപ്പതാമത് കേരള സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവത്തിന്റെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഏഴായിരത്തിലധികം വിദ്യാർഥി പ്രതിഭകൾ മാറ്റുരക്കുന്ന മഹാമേളക്ക് മണ്ണാർക്കാട് പൂർണസജ്ജമായി.

ഗണിതം, ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. തുടങ്ങിയ മേഖലകളിലെ മത്സരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന പ്രദർശനങ്ങളും സ്കിൽ ഫെസ്റ്റിവലും കരിയർ ഫെസ്റ്റും മേളയുടെ ഭാഗമായി സംഘടിപ്പിക്കും. ദിവസവും കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും.

വിദ്യാർഥികൾക്കും അധ്യാപകർക്കും ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങൾ, ഗതാഗത ക്രമീകരണങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഹരിതചട്ടങ്ങൾ പൂർണമായും പാലിച്ചായിരിക്കും മേള സംഘടിപ്പിക്കുകയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു.

നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സ്വാഗതസംഘം അവലോകന യോഗം മന്ത്രി ഉദ്ഘാടനം ചെയ്തു. ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനവും നിർവഹിച്ചു.