കലാലയങ്ങളിൽ നിരവധി ജീവനുകൾ നഷ്ടമാകുന്നു, മക്കളെ അയക്കുന്നത് വലിയ പ്രതീക്ഷയോടെ; ആശങ്കയുമായി നവ്യ നായർ
തിരുവനന്തപുരം: കലാലയങ്ങളിൽ വിദ്യാർഥികളുടെ മരണം വർധിക്കുന്ന സംഭവത്തിൽ പ്രതികരണവുമായി നടി നവ്യ നായർ. കേരള സർവകലാശാല കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് നവ്യ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
കലാലയങ്ങളിൽ ഇന്ന് ഒരുപാടു ജീവനുകൾ നഷ്ടമാകുന്നുവെന്ന് നവ്യ നായർ പറഞ്ഞു. രക്ഷിതാക്കൾ വലിയ പ്രതീക്ഷയോടെയാണ് വിദ്യാർഥികളെ കോളജുകളിലേക്ക് അയക്കുന്നത്. അക്കാദമിക് തലത്തിൽ വലിയ നേട്ടങ്ങൾ സമ്പാദിച്ചില്ലെങ്കിലും ജീവനോടെ ഇരിക്കണം.
സിനിമകളിലെ കൊലപാതക രംഗങ്ങൾ വിദ്യാർഥികളെ മാനസികമായി സ്വാധീനിക്കും. കഞ്ചാവ് ഉപയോഗിക്കുന്ന സിനിമ ഡയലോഗുകൾക്ക് ഇന്ന് വലിയ കയ്യടിയാണ് ലഭിക്കുന്നത്. അടിച്ചു പൊളിക്കേണ്ട കാലമാണെന്നും നല്ല മനുഷ്യരായി ജീവിക്കണമെന്നും നവ്യ നായർ പറഞ്ഞു.