വഖഫ് ബോർഡ്‌ പുനഃസംഘടിപ്പിച്ചു: എം.സി. മായിൻ ഹാജി ചെയർമാൻ; അമുസ്‌ലിം അംഗങ്ങളെ നാമനിർദേശം ചെയ്തില്ല

തിരുവനന്തപുരം: കേരള വഖഫ് ബോർഡ് പുനസംഘടിപ്പിച്ച് സംസ്ഥാന സർക്കാർ. എം.സി മായിൻ ഹാജിയാണ് പുതിയ വഖഫ് ബോർഡ് ചെയർമാൻ. കുറുക്കോളി മൊയ്തീൻ, മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി തുടങ്ങിയവർ പുതിയ അംഗങ്ങളായി വഖഫ് ബോർഡിലുണ്ട്. അമുസ്‌ലിം അംഗങ്ങളെ സർക്കാർ ബോർഡിലേക്ക് നാമനിർദേശം ചെയ്തിട്ടില്ല.

നിലവിലെ ബോർഡ് പിരിച്ചുവിട്ട് സമ്പൂർണ പുനഃസംഘടനയാണ് സർക്കാർ നടത്തിയത്. രണ്ട് അമുസ്‌ലിം അംഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നതിൽ സുപ്രീം കോടതിയിലും ഹൈകോടതിയിലും ഉള്ള കേസിലെ അന്തിമ വിധിക്ക് അനുസൃതമായാണ് തീരുമാനം. എന്നാൽ, സുപ്രീംകോടതിയിലും ഹൈകോടതിയിലും നിലനിൽക്കുന്ന കേസ് ഉത്തരവിൽ ചുണ്ടിക്കാട്ടിയുണ്ട്. നേരത്തെ നിരവധി തവണ വഖഫ് ബോർഡ് അംഗമായിരുന്നു മുസ്‍ലിം ലീഗ് നേതാവ് മായിൻ ഹാജിയാണ് പുതിയ ചെയർമാൻ. നേതൃവിമർശനത്തിന് സമസ്ത മുശാവറയിൽ നിന്ന് പുറത്താക്കിയ മുസ്തഫൽ ഫൈസി ബോർഡിൽ അംഗമാണ്.

എം.സി മായിൻ ഹാജി, കുറുക്കോളി മൊയ്തീൻ എം.എൽ.എ, എം.പി മുസ്‌തഫൽ ഫൈസി, തൊടിയൂർ മുഹമ്മദ്‍കുഞ്ഞ് മൗലവി, സിറാസ് ഡി കപസി, സജ്‌ന ഫിറോസ്, ജസീം സബാഹ്, ഡോ. അബ്ദുൽ മജീദ് സ്വലാഹി, മദീന ബീഗം തുടങ്ങിയ ഒമ്പത് പേരാണ് പുതിയ ബോർഡിലെ അംഗങ്ങൾ. ആകെയുള്ള 11 അംഗങ്ങളിൽ ഒമ്പത് പേരെയാണ് ഇപ്പോൾ തെരഞ്ഞെടുത്തിരിക്കുന്നത്.

സമസ്ത, ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ, കേരള നദ്‌വത്തുൽ മുജാഹിദ്ദീൻ ഉൾപ്പെടെയുള്ള പ്രമുഖ മതസംഘടനകളുടെ പ്രാതിനിധ്യം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒപ്പം തദ്ദേശ വകുപ്പിൽ നിന്നുള്ള ഗ്രാമപഞ്ചായത്തിന്റെയും ബ്ലോക്ക് പഞ്ചായത്തിന്റെയും പ്രതിനിധികളെ ഉൾപ്പെടുത്തിയാണ് ഒമ്പത് പേരുടെ പുനഃസംഘടന നടത്തിയിരിക്കുന്നത്. കെ.എസ്. ഹംസ ഉൾപ്പെടെയുള്ള എൽഡിഎഫ് നിയോഗിച്ച സമിതിയുമായി വഖഫ് ബോർഡ് തർക്കത്തിലായിരുന്നു.

കഴിഞ്ഞ സർക്കാർ കാലത്ത് ചില സംഘടനകൾക്ക് പ്രത്യേക പരിഗണന നൽകിയും ചിലരെ പാടെ ഒഴിവാക്കിയുമാണ് വഖഫ് ബോർഡ്, ഹജ്ജ് കമ്മിറ്റികൾ പുനഃസംഘടിപ്പിച്ചിരുന്നത്. കഴിഞ്ഞ യു.ഡി.എഫ് സർക്കാറിൻ്റെ അവസാനകാലത്ത് വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചപ്പോൾ പാണക്കാട് റഷീദലി ശിഹാബ് തങ്ങളെയായിരുന്നു ചെയർമാനായി നിയമിച്ചത്.