ജനകീയ ഹോട്ടലുകളിൽ ഊണിന് വില കൂടും; 20 രൂപ ഊണിന് ഇനിമുതൽ 30 രൂപ
മുട്ടം: ജനകീയ ഹോട്ടലുകൾക്ക് സംസ്ഥാന സർക്കാർ നൽകിവന്ന സബ്സിഡി നിർത്തലാക്കി. അധിക സാമ്പത്തിക ബാധ്യതയും സാമ്പത്തിക ഞെരുക്കവുമാണ് സബ്സിഡി നിർത്തലാക്കിയതിന് പിന്നിൽ. ആഗസ്റ്റ് ഒന്നുമുതൽ മുൻകാല പ്രാബല്യത്തോടെയാണ് ഉത്തരവ് ഇറക്കിയത്. വ്യക്തമായ മാനദണ്ഡങ്ങളില്ലാതെ സബ്സിഡി തുടർന്നുകൊണ്ടു പോകുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് ധനവകുപ്പ് പ്രതിനിധികൾ ജൂണിൽതന്നെ പ്രഖ്യാപിച്ചിരുന്നു. ജനകീയ ഹോട്ടലുകൾ കോവിഡിന്‍റെ പ്രത്യേക സാഹചര്യത്തിൽ തുടങ്ങിയവയാണെന്നും നിലവിൽ കോവിഡ് ഭീഷണിയില്ലാതായതിനാൽ സബ്സിഡി തുടരാനാകില്ലെന്നുമാണ് ആഗസ്റ്റ് 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് ഇറക്കിയ ഉത്തരവിൽ പറയുന്നത്.
ഓരോ ജില്ലയിലും ജനകീയ ഹോട്ടലുകളിൽനിന്ന് വിതരണം ചെയ്യുന്ന ഉച്ചയൂണിന്‍റെ നിരക്ക് സംബന്ധിച്ച് അതത് ജില്ല പ്ലാനിങ് കമ്മിറ്റി നേതൃത്വത്തിൽ കുടുംബശ്രീ ജില്ല മിഷനുമായി ചർച്ച നടത്തുകയും നിശ്ചിതവില തീരുമാനിക്കുകയും ചെയ്യാം. ഉച്ചയൂണിന്‍റെ നിരക്ക് കുറഞ്ഞത് 30 രൂപ എന്ന നിലയിലും പാർസൽ ഊണുകൾക്ക് 35 രൂപ എന്ന നിലയിലും നിശ്ചയിക്കാം. ഊണിന് ചോറ്, തോരൻ, അച്ചാർ, നാടൻ വിഭവം ഉൾപ്പെടെ മൂന്ന് തൊടുകറിയും ഒരു ഒഴിച്ചുകറിയും (സാമ്പാർ, രസം, മോരുകറി, പരിപ്പ് എന്നിവയിൽ ഒന്ന്) മീൻകറിയും നിർബന്ധമായി ഉണ്ടായിരിക്കണം.
കൂടുതൽ വിഭവങ്ങൾ, നോൺ വെജ് വിഭവങ്ങൾ, സ്പെഷൽ വിഭവങ്ങൾ എന്നിവ ആവശ്യാനുസരണം തയാറാക്കാവുന്നതും അതത് ഹോട്ടൽ സംരംഭകർ നിശ്ചയിക്കുന്ന നിരക്ക് ഈടാക്കാവുന്നതുമാണെന്ന് ഉത്തരവിൽ പറയുന്നു. വില വിവരപ്പട്ടിക എല്ലാവർക്കും കാണത്തക്ക രീതിയിൽ പ്രദർശിപ്പിക്കണം. അതിദരിദ്രർ, അശരണർ, കിടപ്പുരോഗികൾ എന്നിവർക്ക് സൗജന്യ ഭക്ഷണം ആവശ്യമുള്ള പക്ഷം അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ജനകീയ ഹോട്ടലുകളിൽനിന്നും ലഭ്യമാക്കാം. ഇതിന് ആവശ്യമായ ചെലവ് തദ്ദേശസ്ഥാപനം വഹിക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ നിലവിൽ നൽകിവരുന്ന സഹായങ്ങളായ വാടക, ഇലക്ട്രിസിറ്റി ചാർജ്, വാട്ടർ ചാർജ്, സിവിൽ സപ്ലൈസിൽനിന്ന് സബ്സിഡി നിരക്കിൽ ലഭിക്കുന്ന അരി എന്നിവ തുടർന്നും നൽകണം എന്നും ഉത്തരവിൽ പറയുന്നു.
പുറത്ത് ഹോട്ടലുകളിൽ 60 രൂപക്ക് ഊണ് നൽകുമ്പോൾ ജനകീയ ഹോട്ടലുകളിൽ 20 രൂപക്കാണ് ഊണ് വിൽക്കുന്നത്. പാർസലിന് 25 രൂപയും ഈടാക്കിയിരുന്നു. ശരാശരി 200 ഊണുവരെ ഓരോ ഹോട്ടലിലും പ്രതിദിനം വിറ്റുപോകുന്നുണ്ട്. ഊണ് ഒന്നിന് 10 രൂപയാണ് സബ്സിഡി നൽകിയിരുന്നതെങ്കിലും നാളുകളായി ഇത് മുടങ്ങുന്ന സാഹചര്യമാണ്.