മെഡിസെപ് പ്രീമിയം; മിനിമം പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും ഭാരമേറും
പാലക്കാട്: മെഡിസെപ് രണ്ടാം ഘട്ടത്തിൽ പ്രീമിയം തുക വർധിപ്പിച്ചു. 2026-2027ലെ ആദ്യ പോളിസി പീരിയഡിലേക്കാണ് വാർഷിക പ്രീമിയം 8237 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയുമായി വർധിപ്പിച്ചത്. ഉത്തരവുപ്രകാരം 2026 ജനുവരി ഒന്നു മുതൽ പ്രതിമാസ പ്രീമിയം 810 രൂപയായി വർധിക്കും.
അതായത്, വാർഷിക പ്രീമിയമായി 9720 രൂപ ഓരോരുത്തരും നൽകേണ്ടിവരും. ഒന്നാം ഘട്ടത്തിൽ വാർഷിക പ്രീമിയം 6000 രൂപയായിരുന്നു. പ്രതിമാസം 500 രൂപ ശമ്പളത്തിൽനിന്ന് പിടിച്ചിരുന്ന സ്ഥലത്ത് ഇനി 810 രൂപ പിടിക്കും. ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡാണ് രണ്ടാം ഘട്ടത്തിലും പദ്ധതി ഏറ്റെടുത്തിരിക്കുന്നത്.
ഉദ്യോഗസ്ഥരുടെ മാസശമ്പളത്തിൽനിന്ന് നിശ്ചിത തുക പിടിക്കുമ്പോൾ പെൻഷൻകാർക്ക് പ്രതിമാസം നൽകുന്ന മെഡിക്കൽ അലവൻസായ 500 രൂപ മെഡിസെപ്പിലേക്ക് നൽകുന്നതായിരുന്നു രീതി. എന്നാൽ, പദ്ധതി തുക 810 ആയി വർധിക്കുന്നതോടെ പ്രതിമാസം 310 രൂപ അധിക ബാധ്യത വരും.
മിനിമം പെൻഷൻകാർക്കും കുടുംബപെൻഷൻകാർക്കും ഉൾപ്പെടെയുള്ളവർക്ക് ഇത് ഭാരമേറും. സംസ്ഥാന സർക്കാർ ജീവനക്കാർ, പെൻഷൻകാർ, ഫാമിലി പെൻഷൻകാർ, അർഹരായ കുടുംബാംഗങ്ങൾ; സംസ്ഥാന സർക്കാറിൽനിന്ന് ഗ്രാന്റ് ലഭിക്കുന്ന സർവകലാശാലകളിലെ ജീവനക്കാരും പെൻഷൻകാരും; തദ്ദേശ സ്ഥാപനങ്ങളിലെ ജീവനക്കാർ, മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷനേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ സമിതി അധ്യക്ഷന്മാർ എന്നിവരുടെ നേരിട്ട് നിയമിക്കപ്പെട്ട പേഴ്സനൽ സ്റ്റാഫ് അംഗങ്ങൾ, പേഴ്സനൽ സ്റ്റാഫ് പെൻഷൻകാർ, ഫാമിലി പെൻഷൻകാർ എന്നിവർക്കായാണ് 2022 ജൂലൈ മുതൽ ഓറിയന്റൽ ഇൻഷുറൻസ് കമ്പനി ലിമിറ്റഡ് മുഖേന മെഡിസെപ് പദ്ധതി നടപ്പാക്കുന്നത്.
