ലോകകിരീടത്തിലേക്ക് നടന്നടുത്ത് മെസി; അർജന്‍റീന-ക്രൊയേഷ്യ സെമിഫൈനൽ പോരാട്ടം

ഇന്ന്  അർധരാത്രി കഴിഞ്ഞ് 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് പോരാട്ടം

ഖത്തർ ലോകകപ്പ് ഫുട്ബോൾ ആദ്യസെമിയിൽ അർജന്റീന ക്രൊയേഷ്യയെ നേരിടും. ഇന്ന്  അർധരാത്രികഴിഞ്ഞ് 12.30ന് ലുസൈൽ സ്റ്റേഡിയത്തിലാണ് പോരാട്ടം.സെമിയിൽ നെതർലൻഡ്‌സിനെ ഷൂട്ടൗട്ടിൽ മറികടന്നെത്തിയ അർജന്റീന തുടരെ നാലുകളി ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ്. ക്രൊയേഷ്യയാകട്ടെ കരുത്തരായ ബ്രസീലിനെ തോൽപ്പിച്ചാണ് സെമിയിലേക്ക് എത്തുന്നത്. അർജന്റീന മെസിയുടെ മികവിൽ പ്രതീക്ഷയർപ്പിക്കുമ്പോൾ ലൂക്കാ മോഡ്രിച്ചാണ് ക്രൊയേഷ്യയുടെ ശ്രദ്ധാകേന്ദ്രം.

ലോകകപ്പിനെത്തുമ്പോൾ അർജന്റീനക്ക് കൂട്ടായി ഒരു ചരിത്രമുണ്ടായിരുന്നു. തുടരെ 36 കളികൾ തോൽക്കാതെ വന്ന ടീം.
ആദ്യകളിയിൽ ദുർബലരായ സൗദി അറേബ്യയോട് തോറ്റതിന്‍റെ നാണക്കേടിൽ നിന്നും കരുത്താർജിച്ച് പിന്നീടങ്ങോട്ടുള്ള അപരാജിത യാത്ര മെസിപ്പടയെ സെമിഫൈനലിൽ എത്തിച്ചു.

ക്വാർട്ടർ ഫൈനലിൽ കാനറിപ്പടയെ കെട്ടുകെട്ടിച്ച ശേഷമാണ് ക്രൊയേഷ്യ അർജന്‍റീനയെ നേരിടാന്‍ സെമിയിലേക്ക് എത്തുന്നത്. നിശ്ചിത സമയത്ത് ഗോൾരഹിത സമനിലയും എക്സ്ട്രാ ടൈമിൽ ഇരു ടീമുകളും ഓരോ ഗോളടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ പെനൽറ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ലോകകപ്പിൽ ക്രൊയേഷ്യയുടെ മൂന്നാം സെമിയാണിത്. 1998ൽ മൂന്നാം സ്ഥാനം നേടിയ ക്രൊയേഷ്യ, 2018 ലോകകപ്പ് ഫൈനലിൽ ഫ്രാൻസിനോടു തോറ്റ് രണ്ടാം സ്ഥാനത്തായി.

കേവലം രണ്ട് മത്സരങ്ങളുടെ അകലത്തിൽ ലോകകപ്പ്  എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാനാണ് അര്‍ജന്‍റീനയും ക്രൊയഷ്യയും ഇന്ന് അര്‍ദ്ധരാത്രിയിൽ ഏറ്റമുട്ടുക.

Leave a Reply

Your email address will not be published. Required fields are marked *