നവീകരിച്ച മുക്കം ടൗണിന്റെ ഉദ്ഘാടനം നിർവഹിച്ച് മന്ത്രി പി എ മുഹമ്മദ് റിയാസ്

കേരളത്തെ ടൂറിസ്റ്റ് കേന്ദ്രമാക്കി മാറ്റണമെങ്കിൽ ഒരു ഡിസൈൻ പോളിസി നിർബന്ധമാണെന്നും ഇതിനായി പൊതുമരാമത്ത് വകുപ്പുമായി ചേർന്ന് സംസ്ഥാനത്ത് ഡിസൈൻ നയം ഉടൻ നടപ്പിലാക്കുമെന്നും പൊതുമരാമത്തു ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നവീകരിച്ച മുക്കം ടൗണിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡിസൈൻ പോളിസി രൂപീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങളുമായി സർക്കാർ മുന്നോട്ടു പോവുകയാണന്നും മുഖ്യമന്ത്രി തന്നെ ഇതുമായി ബന്ധപ്പെട്ട ശിൽപ്പശാല ഉദ്ഘാടനം ചെയ്തു കഴിഞ്ഞു. ലോകപ്രശസ്തരായ ആർക്കിടെക്കുകളെ ഉപയോഗിച്ച് രൂപപ്പെടുത്തിയ കരട് നയം നടപ്പാക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങളെ ഫലപ്രദമായി ഉപയോഗിക്കാൻ കഴിയുന്നതിന്റെ സാധ്യതകളെക്കുറിച്ച് ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. ഓവർ ബ്രിഡ്ജിന്റെ അടിവശത്തായി ഒഴിഞ്ഞു കിടക്കുന്ന പ്രദേശങ്ങൾ ഉപയോഗപ്പെടുത്താൻ കഴിയണം. ഡിസൈൻ നയം നടപ്പിലാക്കുമ്പോൾ കേരളത്തിന്റെ ഇത്തരത്തിലുള്ള പാലങ്ങൾക്കിടയിൽ വയോജന പാർക്ക്, കുട്ടികൾക്കുള്ള പാർക്ക് തുടങ്ങിയവ വിദേശരാജ്യങ്ങളിൽ ഉള്ളതുപോലെ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

കോഴിക്കോടിന്റെ മലയോര മേഖലയിലെ പ്രധാനപ്പെട്ട നഗരമായ മുക്കത്തിന്റെ മാറ്റം വളരെ ശ്രദ്ധേയമാണ്. മുക്കത്തിന്റെ വികസനം സോഷ്യൽ മീഡിയ ഏറ്റെടുത്ത വികസന പ്രവർത്തനമാണെന്നും മന്ത്രി പറഞ്ഞു. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ നേതൃത്വം നൽകിയവരെ മന്ത്രി അഭിനന്ദിച്ചു.

ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായിരുന്നു. റോഡ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ഹാഷിം വി കെ റിപ്പോർട്ട് അവതരിപ്പിച്ചു. മുൻ എംഎൽഎ ജോർജ് എം തോമസ് മുഖ്യാതിഥിയായിരുന്നു.

മുക്കം നഗരസഭ ചെയർമാൻ പിടി ബാബു, ഡെപ്യൂട്ടി ചെയർപേഴ്സൺ അഡ്വ.കെ.പി ചാന്ദിനി, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അബ്ദുൽ മജീദ്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റുബീന കെ.കെ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സത്യനാരായണൻ മാസ്റ്റർ, കൗൺസിലർ അശ്വതി സനൂജ്, മുക്കം നഗരസഭാ സെക്രട്ടറി എം വിജില, റോഡ്സ് നോർത്ത് സർക്കിൾ സൂപ്രണ്ട് എൻജിനീയർ വിശ്വപ്രകാശ് ഇ.ജി, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ശ്രീജയൻ എൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *