കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ജൂൺ നാലിന് എത്തിയേക്കുമെന്ന് കേന്ദ്രകാലവസ്ഥ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ വർഷം കാലവർഷം ജൂൺ ഒന്നിന് മുമ്പേ എത്തിയെങ്കിലും ഇക്കുറി വൈകുമെന്നാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. നാല് ദിവസം വരെ മുന്നോട്ടോ പിന്നോട്ടോ മാറ്റമുണ്ടായേക്കാമെന്ന് അറിയിപ്പിൽ പറയുന്നു.

അതെസമയം മെയ് ഇരുപത് വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലവർഷം വൈകുന്നതിനൊപ്പം സംസ്ഥാനത്ത് ചൂട് കൂടുമെന്ന് കാലവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. സാധരണയുള്ളതിനേക്കാൾ രണ്ട് മുതൽ നാല് ഡിഗ്രി സെൽഷ്യസ് വരെ ചൂട് ഉയർന്നേക്കും. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരുമെന്നാണ് കേന്ദ്ര കാലവസ്ഥ നിരീക്ഷണ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും, കണ്ണൂർ,മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ 35 ഡിഗ്രി സെൽഷ്യസ് വരെയും ഉയർന്ന താപനിലയുണ്ടാകും. മുൻകരുതലിന്റെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം, മലയോര പ്രദേശങ്ങൾ ഒഴികെ യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥയ്ക്ക് സാധ്യതയുള്ളതായും കേന്ദ്രകാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. താപനില ഉയരുന്നതിനാൽ പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

 

Monsoon may arrive in Kerala on June 4

One thought on “കേരളത്തിൽ കാലവർഷം ജൂൺ നാലിന് എത്തിയേക്കും

Leave a Reply

Your email address will not be published. Required fields are marked *