രാമക്ഷേത്ര ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തോട് യോജിച്ച് ഭൂരിഭാഗം ഇൻഡ്യ മുന്നണി നേതാക്കളും

 

ന്യൂഡൽഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കേണ്ടെന്ന തീരുമാനത്തോട് യോജിച്ച് ഭൂരിപക്ഷം ഇൻഡ്യ മുന്നണി നേതാക്കളും. ബിജെപി ചടങ്ങിനെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നു എന്ന വാദവും ഇതോടെ ശക്തമായി. ഹിന്ദു മതത്തിലെ ആത്മീയ നേതാക്കളായ ശങ്കരാചാര്യന്മാരും ഈ അഭിപ്രായത്തോട് യോജിച്ചത് പ്രതിപക്ഷ നിരയ്ക്ക് ഏറെ കരുത്തു പകരുന്നു.

 

മൃദു ഹിന്ദുത്വം പയറ്റിയ മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് തെരെഞ്ഞെടുപ്പിൽ നേരിട്ട വൻപരാജയം കോൺഗ്രസിനെ മാറിചിന്തിക്കാൻ സഹായിച്ചിട്ടുണ്ട്. ഇനിയും ഇത്തരം നിലപാടുകളുമായി മുന്നോട്ടുപോയാൽ ദക്ഷിണേന്ത്യയിലെ അനുകൂല നിലപാട് പോലും ഇല്ലാതാക്കുമെന്നാണ് നേതൃത്വം കരുതുന്നത്. ക്ഷണം കിട്ടിയാലും ഇല്ലെങ്കിലും പോകുമെന്ന ഹിമാചൽ മുഖ്യമന്ത്രിയുടെ നിലപാടും സോണിയാ ഗാന്ധി പോയില്ലെങ്കിൽ പ്രതിനിധിയെ അയക്കുമെന്ന ജനറൽ സെക്രട്ടറി ദിഗ്‌വിജയ് സിങ്ങിന്റെ അഭിപ്രായവും ഹൈക്കമാൻഡ് തള്ളി.

 

ഇൻഡ്യ മുന്നണി നേതാക്കളായ മമത ബാനർജി, നിതീഷ് കുമാർ, സീതാറാം യെച്ചൂരി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കില്ല എന്ന് തുറന്നു വ്യക്തമാക്കിയത് ഇനങ്ങനെയൊരു തീരുമാനമെടുക്കാൻ കോൺഗ്രസിന് ശക്തി പകർന്നു. രാമക്ഷേത്ര ഉദ്‌ഘാടനത്തിനു പങ്കെടുക്കണമെന്ന അഭിപ്രായം പുലർത്തിയിരുന്ന നേതാക്കൾ തുടർന്നും ഇക്കാര്യം പരസ്യമായി വ്യക്തമാക്കിയാൽ കോൺഗ്രസിന് നടപടി എടുക്കേണ്ടി വരും. കോൺഗ്രസ് പ്രവർത്തകർ കാത്തിരുന്ന അഭിപ്രായം പ്രസ്താവനയിൽ മാത്രമാണ് നേതൃത്വം ഒതുക്കിയത്.

 

സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എഐസിസി ആസ്ഥാനത്ത് വാർത്താസമ്മേളനം നടത്തി ഒരു മണിക്കൂറിനുള്ളിലാണ് വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. രാമഭക്തരുടെ വികാരവും സുപ്രിംകോടതി വിധിയും മാനിക്കേണ്ടത് കൊണ്ടാണ് ഇങ്ങനെ നടപടി സ്വീകരിച്ചതെന്നു നേതൃത്വം വ്യക്തമാക്കുന്നു. നിർമാണം പൂർത്തിയാക്കാത്ത ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുന്നത് ഹിന്ദു ധർമ ശാസ്ത്രം അനുസരിച്ചു തെറ്റാണെന്ന് ശങ്കരാചാര്യന്മാർ വ്യക്തമാക്കിയത് ബിജെപിയുടെ കോൺഗ്രസ് വിരുദ്ധ പ്രചാരണത്തെ തടയിടുമെന്നാണ് ഇൻഡ്യ മുന്നണി കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *