സദസിനെ കൈയിലെടുക്കാനാവാതെ മിമിക്രിവേദി; കിളികളുടെയും മൃഗങ്ങളുടെയും ശബ്ദാനുകരണം താൽപര്യമില്ലാതെ കാണികൾ
നിഷാൻ മുഹമ്മദ്, എയ്ഞ്ചൽ ബി. ദീഷ്
തൃശൂർ: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കാണികളെ കൈയിലെടുക്കാനാവാതെ മിമിക്രിവേദി. പതിവ് നമ്പറുകളുമായെത്തിയ മത്സരാർഥികൾ ‘പവിഴമല്ലി’ഹാളിൽ നിറഞ്ഞ സദസ്സിനെ നിരാശപ്പെടുത്തി. ഹയർ സെക്കൻഡറി വിഭാഗം ആൺകുട്ടികളിൽ 14 പേരാണ് വേദിയിലെത്തിയത്. പക്ഷിമൃഗാദികളുടെയും സിനിമ-രാഷ്ട്രീയ രംഗത്തുള്ളവരുടെയും ശബ്ദങ്ങളാണ് മിക്കവരും അനുകരിച്ചത്. ഇവരിൽ വിരലിലെണ്ണാവുന്നവർ മാത്രമാണ് കാണികൾക്ക് ശ്രവ്യ വിരുന്നേകിയത്.
ശബ്ദാനുകരണത്തിലും അവതരണ ശൈലിയിലും മികച്ച നിലവാരം പുലർത്തിയ കോഴിക്കോട് പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ നിഷാൻ മുഹമ്മദ് കൈയടി നേടി. പ്ലസ് വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥിയാണ് നിഷാൻ. മിമിക്രി -കലാകാരൻ കൂടിയായ പെരണികണ്ടി. ഫൈസൽ-തസ്നി ദമ്പതികളുടെ മകനാണ്. തുടർച്ചയായി നാലാം തവണയാണ് സംസ്ഥാന തലത്തിൽ മത്സരിക്കുന്നത്.
11 മത്സരാർഥികൾക്ക് എ ഗ്രേഡ് ലഭിച്ചു. ഗസ്സ, ചൂരൽമല വിഷയങ്ങൾ ഹൃദയസ്പർശിയായി രംഗത്ത് അവതരിപ്പിച്ച കോഴിക്കോട് മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിലെ എയ്ഞ്ചൽ ബി. ദീഷ് പെൺകുട്ടികളിൽ ശ്രദ്ധ നേടി. വലിയ പറമ്പത്ത് ദിനേശൻ, ബിന്ദു എന്നിവരുടെ മകളാണ് പ്ലസ് ടു സയൻസ് വിദ്യാർഥിനിയായ എയ്ഞ്ചൽ. ഈ വിഭാഗത്തിൽ പത്ത് പേർ എ ഗ്രേഡ് നേടി.
