‘സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എം.ആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടു’ : വെളിപ്പെടുത്തി പരാതിക്കാരി
സോളാര്‍ കേസില്‍ ഒത്തുതീര്‍പ്പിനായി എംആര്‍ അജിത് കുമാര്‍ ബന്ധപ്പെട്ടെന്ന് പരാതിക്കാരി സ്വകാര്യ ചാനലിനോട് പറഞ്ഞു. എതിരെയുള്ളവര്‍ സ്വാധീനമുള്ളവരായതിനാല്‍ മൊഴി നല്‍കുമ്പോള്‍ സൂക്ഷിക്കണമെന്ന് പറഞ്ഞെന്നും കെസി വേണുഗോപാല്‍ ഉള്‍പ്പടെ രണ്ടു പേര്‍ക്ക് വേണ്ടിയാണ് അജിത് കുമാര്‍ സംസാരിച്ചതെന്നും പരാതിക്കാരി വ്യക്തമാക്കി.
പിവി അന്‍വറിന്റെ ആരോപണം ശരിവെക്കുന്ന രീതിയിലാണ് പരാതിക്കാരിയും പ്രതികരിച്ചത്. നേരത്തെ തന്നെ എം ആര്‍ അജിത് കുമാറുമായി പരിചയമുണ്ടായിരുന്നുവെന്നും ആ പരിചയത്തിന്റെ പുറത്താണ് ഈ സംസാരമെല്ലാം നടന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
അതേസമയം, എഡിജിപി അജിത് കുമാര്‍ സോളാര്‍ അന്വേഷണം അട്ടിമറിച്ചെന്നുള്ള ഗുരുതര ആരോപണം പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ചിരുന്നു. കെസി വേണുഗോപാലുമായി അടുത്ത ബന്ധമെന്നും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം പരാതിക്കാരിയെ അജിത്കുമാര്‍ ബ്രെയിന്‍ വാഷ് ചെയ്തുവെന്നും ജീവിക്കാന്‍ ആവശ്യമായ പണം പ്രതികളുടെ കയ്യില്‍ നിന്ന് വാങ്ങി നല്‍കാമെന്ന് അജിത്ത് കുമാര്‍ ഉറപ്പ് നല്‍കിയതോടെ അവര്‍ പല മൊഴികളും മാറ്റിയെന്നും അന്‍വര്‍ പുറത്തുവിട്ട ഓഡിയോയില്‍ പറയുന്നു.