മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ കാണാനെത്തി വയനാട് മുണ്ടക്കൈ-ചൂരൽമലയിലെ ദുരന്തബാധിതർ. നിയമസഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലെ പരസ്യ പ്രചാരണ ദിനത്തിലായിരുന്നു ദുരന്തബാധിതർ മുഖ്യമന്ത്രിയെ സന്ദർശിച്ചത്. 18 പേരടങ്ങിയ സംഘമാണ് കൊട്ടിക്കലാശ ദിനത്തിൽ മുഖ്യമന്ത്രിയെ കാണാൻ ധർമ്മടത്തെത്തിയത്. ദുരന്തബാധിതർക്കായി കൽപ്പറ്റയിൽ നടപ്പാക്കുന്ന ടൗൺഷിപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായെന്നാണ് സൂചന.
ദുരന്തബാധിതർക്ക് അനുവദിച്ച് വീട്ടിലേക്കുള്ള കയറി താമസത്തിന് മുഖ്യമന്ത്രിയും വരണമെന്നായിരുന്നു അവരുടെ ആവശ്യം. വീടുകളിൽ കയറി താമസിക്കുന്നതിന് ക്ഷണിച്ചപ്പോൾ ‘നമുക്ക് നോക്കാമെന്നാണ്’ മുഖ്യമന്ത്രി മറുപടി നൽകിയത്. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനാണ് ഇവർ ധർമ്മടത്തേക്ക് എത്തിയത്. വിഷുവിന് കയറി താമസം നടത്താനാകുമെന്നും മുഖ്യമന്ത്രി സൂചന നൽകി.
സ്ഥലത്താണ് ടൗൺഷിപ്പ് പൂർത്തിയാക്കിയതെന്നും റിയൽ എസ്റ്റേറ്റ് മാഫിയ സംഘം കണ്ണുവെക്കാൻ ഇടയുണ്ട് ജാഗ്രത പാലിക്കണമെന്നും മുഖ്യമന്ത്രി ദുരന്തബാധിതരോട് പറഞ്ഞു. പുനരധിവാസം യാഥാർഥ്യമാക്കിയതിന് വൈകാരികമായി നന്ദി പറഞ്ഞാണ് ദുരിതബാധിതർ മടങ്ങിയത്. ഇന്നലെ ഒല്ലൂരിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ റവന്യൂ മന്ത്രിയും എല്‍.ഡി.എഫ് സ്ഥാനാർഥിയുമായ കെ. രാജനെ കാണാനും ചൂരല്‍മല ദുരന്തബാധിതര്‍ എത്തിയിരുന്നു. തെരഞ്ഞെടുപ്പിന് ശേഷം വീട്ടിലേക്ക് വരണമെന്ന് ക്ഷണിച്ചാണ് അവരും മടങ്ങിയത്. എന്നാൽ, തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള ഗിമ്മിക്കുകളാണ് ഇതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചത് മുതൽ വീടുകളുടെ നിർമാണ പ്രവർത്തനത്തിന് വേഗത കുറഞ്ഞിട്ടുണ്ടെന്നും ആരോപണം ഉയരുന്നുണ്ട്.
മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി സർക്കാർ നിർമിക്കുന്ന കൽപ്പറ്റയിലെ ടൗൺഷിപ്പിൽ ജനറൽ ആശുപത്രിയുടെ അനുബന്ധ കെട്ടിടവും വരുന്നു. പി.ഡബ്ല്യു.ഡിയാണ് നിർവഹണ ഏജൻസി. ഫിസിയോതെറപ്പി അടക്കം തുടർചികിത്സ ആവശ്യമുള്ള നിരവധി ദുരന്തബാധിതരുണ്ട്. മാനസിക സാമൂഹിക പുനരധിവാസം, പുനരധിവസിപ്പിക്കപ്പെട്ട കുടുംബങ്ങൾക്കുള്ള പ്രാഥമിക റഫറൽ ആശുപത്രിയായി പ്രവർത്തിക്കുക, പരിക്കുകൾ, വൈകല്യങ്ങൾ, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവക്ക് ദീർഘകാല തുടർപരിചരണം നൽകുകയെന്ന ലക്ഷ്യവും ആശുപത്രിക്കുണ്ട്.
