ബാലരാമപുരത്തെ രണ്ടരവയസുകാരിയുടെ കൊലപാതകം: കൊന്നത് ആരെന്നറിഞ്ഞിട്ടും എന്തിനെന്നതില്‍ വ്യക്തത വരുത്താനാകാതെ പൊലീസ്
തിരുവനന്തപുരം ബാലരാമപുരത്ത് രണ്ടരവയസുകാരിയെ കൊലപ്പെടുത്തിയ കേസില്‍, കൊലപാതക കാരണത്തില്‍ വ്യക്തത വരുത്താനാകാതെ പൊലീസ്. ശ്രീതുവിനോടുള്ള സഹോദരന്‍ ഹരികുമാറിന്റെ പ്രത്യേക താത്പര്യം എതിര്‍ത്തതാണ് കൊലപാതകത്തിന് കാരണമെന്നാണ് വിലയിരുത്തല്‍. കൊലപാതകത്തില്‍ ശ്രീതുവിന് പങ്കുള്ളതായി പൊലീസ് ഇതുവരെ കണ്ടെത്തിയിട്ടില്ല.
കൊന്നത് ആരെന്നു തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടെന്ന ചോദ്യത്തിനാണ് ഇനിയും വ്യക്തത വരാത്തത്. കുഞ്ഞിന് ശ്രദ്ധ കൊടുത്തു തുടങ്ങിയതോടെ സഹോദരിക്ക് തന്നോടുള്ള സ്‌നേഹം കുറഞ്ഞുവെന്ന് പ്രതിക്ക് തോന്നിയതാണ് കൊലപാതകത്തിന് കാരണമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞിന്റെ കരച്ചില്‍ പോലും പ്രതിക്ക് അരോചകമായെന്നും കണ്ടെത്തലുണ്ട്. പെട്ടെന്നുണ്ടായ പ്രകോപനം മാത്രമാണോ കൊലയ്ക്ക് കാരണമെന്നാണ് അറിയേണ്ടത്. ശ്രീതുവിനോ ഇവരുമായി ബന്ധമുള്ള ആര്‍ക്കെങ്കിലും ഇതില്‍ പങ്കുണ്ടോ എന്നതടക്കം കണ്ടെത്തണം.
കുട്ടിയുടെ മാതാവിന്റെ സാമ്പത്തിക ഇടപാടുകള്‍ക്ക് കൊലപാതകവുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ദേവസ്വം ബോര്‍ഡില്‍ ജോലി വാഗ്ദാനം ചെയ്ത് ഇവര്‍ പലരില്‍ നിന്നും പണം വാങ്ങിയിരുന്നു. ദേവസ്വം ബോര്‍ഡിലെ സ്ഥിരം ജോലിക്കാരി എന്നാണ് ഇവര്‍ നാട്ടുകാരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. അങ്ങനെ പണം നല്‍കിയവരുടെയും മൊഴി എടുക്കും. കൊല നടന്ന വീട്ടില്‍ നിന്ന് ഹരികുമാര്‍ കഴിച്ചിരുന്ന ഗുളികകള്‍ പൊലീസിന് കിട്ടിയിരുന്നു. ഇതില്‍ മാനസിക പ്രശ്‌നമുള്ളവര്‍ക്ക് നല്‍കുന്ന ഗുളികയും ഉണ്ട്. ഹരികുമാറിനെ കസ്റ്റഡിയില്‍ വാങ്ങുമ്പോള്‍ മാനസിക ആരോഗ്യ വിദഗ്ധന്റെ സഹാത്തോടെയാകും ചോദ്യം ചെയ്യൂക. ഹരികുമാറിന്റെ ചികിത്സാ വിവരങ്ങള്‍ ശേഖരിച്ചു പരോശോധിക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്.