ഒറ്റവോട്ടിൽ കാവനൂർ ഗ്രാമപഞ്ചായത്ത് ഭരണം മുസ്ലിം ലീഗിന് നഷ്ടമായി
കാവനൂർ: കാവനൂർ ഗ്രാമപഞ്ചായത്ത് ഭരണം മുസ്ലിം ലീഗിന് നഷ്ടമായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായിരുന്ന മുസ്ലിം ലീഗ് നേതാവ് പി വി ഉസ്മാനെതിരെ സിപിഐഎം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ കോൺഗ്രസ് പിന്തുണച്ചതോടെയാണ് പഞ്ചായത്ത് ഭരണം ലീഗിന് നഷ്ടമായത്. ലീഗിന് 9 മെമ്പർമാരും കോൺഗ്രസിനും സിപിഎമ്മിനും യഥാക്രമം 7 3 എന്നിങ്ങനെ മെമ്പർമാരും ആണ് പഞ്ചായത്തിൽ ഉണ്ടായിരുന്നത്. അവിശ്വാസപ്രമേയം 9 നെതിരെ 10 അംഗങ്ങളുടെ പിന്തുണയോടെ പാസാവുകയായിരുന്നു.
നേരത്തെ ഗ്രാമപഞ്ചായത്ത് പരിധിയിലെ മാലിന്യം ശേഖരിക്കുന്നതും സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗും കോൺഗ്രസ്സും അഭിപ്രായ ഭിന്നതയിൽ എത്തിയിരുന്നു. തുടർന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം കോൺഗ്രസ് രാജിവെച്ച് പ്രതിഷേധം അറിയിച്ചു. ഇതിനെ തുടർന്നുണ്ടായ വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാർത്ഥിക്ക് കോൺഗ്രസ് പിന്തുണ നൽകുകയും വിജയിക്കുകയും ചെയ്തിരുന്നു. നിലവിൽ സ്ഥാനഭ്രഷ്ടനായി മുസ്ലിം ലീഗ് നേതാവ് പി വി ഉസ്മാൻ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനം രാജിവെച്ചതോടെ കോൺഗ്രസ് നേതൃത്വത്തിൽ ഇടതുപക്ഷ പിന്തുണയോടെ പഞ്ചായത്തിൽ പുതിയ ഭരണസമിതി നിലവിൽ വരും.
വയനാട് ലോക്സഭാ മണ്ഡലം പരിധിയിൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ മുന്നണി സമവാക്യങ്ങളിൽ പ്രാദേശികമായി ഉണ്ടാകുന്ന ഭിന്നിപ്പുകൾ നേതാക്കൾക്ക് വിനയാകും. രാഹുൽഗാന്ധിയും പ്രിയങ്ക ഗാന്ധിയും നേതൃത്വം നൽകുന്ന മണ്ഡലത്തിലെ പ്രതിസന്ധികൾ നേതാക്കൾ എങ്ങനെ നേരിടും എന്നതാണ് ഇനി പ്രാദേശിക രാഷ്ട്രീയം ഉറ്റു നോക്കുന്നത്.