തനിയാവർത്തനമായി നന്ദകുമാറിന്റെ മലപ്പുറം വിരുദ്ധ പരാമർശം; സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്ന് മലപ്പുറം ജില്ലക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകൾ മുമ്പും ഉണ്ടായിട്ടുണ്ട്

മലപ്പുറം: പൊന്നാനി മുൻ എം.എൽ.എ പി. നന്ദകുമാർ സി.പി.എം വിപുലീകൃത ജില്ല കമ്മിറ്റി യോഗത്തിൽ മലപ്പുറം ജില്ലക്കെതിരെ നടത്തിയ അധിക്ഷേപ പരാമർശം സി.പി.എമ്മിന്റെ ഉന്നത നേതാക്കൾ മുമ്പ് നടത്തിയ പ്രസ്താവനകളുടെ തനിയാവർത്തനമായി. മലപ്പുറം മതമൗലിക-വർഗീയവാദികളുടെ കൂടാണെന്ന് ശനിയാഴ്ച പൊന്നാനിയിൽ നടന്ന പരിപാടിയിൽ പി. നന്ദകുമാർ നടത്തിയ പരാമർശമാണ് വിവാദമായി കത്തിപ്പടരുന്നത്. മുസ്‍ലിം ലീഗും മുസ്‍ലിം മതസംഘടന നേതൃത്വങ്ങളും ശക്തമായ ഭാഷയിലാണ് ഈ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരിക്കുന്നത്.

സി.പി.എം നേതാക്കളുടെ ഭാഗത്തുനിന്ന് മലപ്പുറം ജില്ലക്കെതിരെ അധിക്ഷേപകരമായ പ്രസ്താവനകൾ മുമ്പും ഉണ്ടായിട്ടുണ്ട്. മലപ്പുറത്തിന്റെ ഉള്ളടക്കം വർഗീയമാണെന്ന തരത്തിൽ മുൻ മന്ത്രിയും സി.പി.എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ നടത്തിയ പരാമർശം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ 2024 സെപ്റ്റംബറിൽ ഇംഗ്ലീഷ് പത്രത്തിന് നൽകിയ ഇന്റർവ്യൂവിൽ, മലപ്പുറത്തേക്ക് ഒഴുകുന്ന ഹവാല പണം രാജ്യവിരുദ്ധ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നത് എന്ന തരത്തിലുള്ള പരാമർശമുണ്ടായിരുന്നു. പത്രത്തിന്റെ ഡൽഹി എഡിഷനിൽ വന്ന ഇന്റർവ്യൂ രണ്ടു ദിവസത്തിന് ശേഷം വിവാദമായപ്പോൾ ഈ പരാമർശം, മുഖ്യമന്ത്രിയുടെ ഓഫിസ് നിഷേധിച്ചു. പി.ആർ ഏജർസിയുടെ നിർദേശപ്രകാരമാണ് ഈ വാചകങ്ങൾ മുഖ്യമന്ത്രിയുടേതായി ഇന്റർവ്യൂവിൽ ചേർത്തതെന്ന് പിന്നീട് വെളിപ്പെട്ടെങ്കിലും ഇതുസംബന്ധിച്ച് ഉയർന്ന സംശയങ്ങൾക്ക് കൃത്യമായ മറുപടി പിണറായിയിൽനിന്ന് ഉണ്ടായില്ല. ഇന്റർവ്യൂവിന് പിന്നിലുള്ള താൽപര്യം എന്തായിരുന്നുവെന്ന് ഇപ്പോഴും ദുരൂഹമാണ്.

​സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ. വിജയരാഘവൻ മലപ്പുറവുമായി ബന്ധപ്പെടുത്തിയും ലീഗിനെ ലക്ഷ്യമിട്ടും നടത്തിയ പരാമർശങ്ങൾ പല തവണ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ​മലപ്പുറത്ത് ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കുന്നതിനെതിരെ നാട്ടുകാർ നടത്തിയ സമരത്തിന് പിന്നിൽ തീവ്രവാദ ശക്തികളാണെന്നും മുസ്‍ലിം ലീഗ് തീവ്രവാദികളെ മുന്നിൽ നിർത്തിയാണ് സമരം നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

വയനാട്ടിൽ പ്രിയങ്കയുടെയും രാഹുലിന്റെയും വിജയങ്ങൾക്ക് പിന്നിലും മുന്നിലും തീവ്രവാദികൾ ആണെന്നുള്ള പരാമർശവും വിജയരാഘവനിൽ നിന്നുണ്ടായി. വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം, ന്യൂനപക്ഷ വിഭാഗങ്ങളെ പാർട്ടിയുമായി അടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സി.പി.എം ആസൂത്രണം ചെയ്യുന്നതിനിടെയാണ് നേതാക്കളുടെ ഭാഗത്തുനിന്ന് വീണ്ടും വിവാദ പരാമർശങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്നത്