ദേശീയ ഫയർ സ്പോർട്സ് മീറ്റ്; മിന്നും നേട്ടവുമായി മുക്കം ഫയർ ഓഫിസർ
മുക്കം: അഹമ്മദാബാദിലെ ഗുജറാത്ത് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന ദേശീയ ഫയർ സർവിസ് സ്പോർട്സ് മീറ്റിൽ കേരളത്തിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ച് മുക്കം ഫയർ സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂർ. 4×100 മീറ്റർ റിലേയിൽ സ്വർണവും 100 മീറ്റർ, 400 മീറ്റർ എന്നിവയിൽ വെള്ളിയും നേടിയാണ് ഹാട്രിക് മെഡൽ നേട്ടത്തിനർഹനായത്.
ഫെബ്രുവരി ഒന്നുമുതൽ നാലു വരെ ഗുജറാത്ത് യൂനിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടന്ന സ്പോർട്സ് മീറ്റിൽ ഇന്ത്യയിലെ മുഴുവൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ഫയർ സർവിസ് ജീവനക്കാരായ കായിക താരങ്ങളാണ് പങ്കെടുത്തത്. മീറ്റിൽ നാലുസ്വർണവും 10 വെള്ളിയും 11 വെങ്കലവുമടക്കം 25 മെഡലുകളാണ് കേരളം കരസ്ഥമാക്കിയത്.
സംസ്ഥാന ഫയർ സർവിസ് സ്പോർട്സ് മീറ്റിലെയും സംസ്ഥാന മാസ്റ്റേഴ്സ് അത്ലറ്റിക് മീറ്റിലെയും സ്വർണമെഡൽ നേട്ടം ദേശീയ മീറ്റിലും തുടരാനായതിന്റെ സന്തോഷത്തിലാണ് അബ്ദുൽ ഗഫൂർ. 2018ലും 2020ലും ദേശീയ ഫയർ സർവിസ് ഗെയിംസിൽ ചാമ്പ്യന്മാരായ കേരള ഫുട്ബാൾ ടീമിന്റെ ക്യാപ്റ്റനും അബ്ദുൽ ഗഫൂർ ആയിരുന്നു. മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയിൽ സ്വദേശിയായ അബ്ദുൽ ഗഫൂറിന് 2019ൽ മികച്ച സ്റ്റേഷൻ ഓഫിസർക്കുള്ള ഡയറക്ടർ ജനറലിന്റെ ബാഡ്ജ് ഓഫ് ഓണർ പുരസ്കാരം ലഭിച്ചിരുന്നു.