ദേശീയപാത ഉദ്ഘാടനം: പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കിയത് കേരളത്തെ അപമാനിക്കുന്നതിന് തുല്യം- മന്ത്രി റിയാസ്



തിരുവനന്തപുരം: ദേശീയപാത വികസന പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നിന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ ഒഴിവാക്കിയത് കേരളത്തെയാകെ അപമാനിക്കുന്നതിന് തുല്യമാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്. ചരിത്രത്തിലാദ്യമായി ഒരു സംസ്ഥാന സർക്കാർ ദേശീയപാതയ്ക്കായി പണം ചെലവഴിച്ചിട്ടും അത് തമസ്കരിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്.

ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്രമന്ത്രിയുടെ ഓഫീസിൽ നിന്ന് ഔദ്യോഗിക ക്ഷണം ഉണ്ടായില്ല. സംസ്ഥാനത്തെ സുപ്രധാനമായ വികസന പദ്ധതികളുടെ ഉദ്ഘാടന ചടങ്ങിൽനിന്ന് വകുപ്പ് മന്ത്രിയെ വെട്ടി പകരം ബിജെപി സംസ്ഥാന അധ്യക്ഷനെ ഉൾപ്പെടുത്തിയത് ജനാധിപത്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം ആരോപിച്ചു. പൊതു മരാമത്ത് മന്ത്രിയുടെ പേര് വെട്ടിമാറ്റിയാണോ ബി.ജെപി സംസ്ഥാന അധ്യക്ഷനെ പട്ടികയിലുൾപ്പെടുത്തിയത്. സംസ്ഥാനത്തെ പൊതുമരാമത്ത് മന്ത്രിയെ ഒഴിവാക്കുന്നത് രാഷ്ട്രീയ താല്പര്യം മാത്രമാണ്. പരിപാടിയിലേക്ക് ബി.ജെ.പി സംസ്ഥാന അധ്യക്ഷനെ ക്ഷണിക്കുമ്പോൾ കേരളത്തിലെ മറ്റ് പാർട്ടികളുടെ സംസ്ഥാന സെക്രട്ടറിമാരെയും വിളിക്കേണ്ടെയെന്നും റിയാസ് ചോദിച്ചു.

2014-ൽ പദ്ധതി ഉപേക്ഷിക്കുന്നുവെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ രേഖാമൂലം അറിയിച്ച് ഓഫീസ് പൂട്ടിപോയ ഒരു പദ്ധതിയെ 2016-ൽ എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നശേഷമാണ് മുഖ്യമന്ത്രിയുടെ ഇടപെടലിലൂടെ പുനരുജ്ജീവിപ്പിച്ചത്. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ദേശീയപാതാ വികസനത്തിന് ഒരു സംസ്ഥാനസർക്കാർ 5,600 കോടി രൂപ വിഹിതം നൽകാൻ തയ്യാറായത് കേരളത്തിലാണെന്നും മന്ത്രി പറഞ്ഞു.

പദ്ധതിയുടെ തുടക്കംമുതൽ മുഖ്യമന്ത്രിയുടെയും പൊതുമരാമത്ത് വകുപ്പിന്റെയും നേതൃത്വത്തിൽ നടന്ന കൃത്യമായ ഏകോപനത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും എൻ.എച്ച്.എ.ഐ ഉദ്യോഗസ്ഥരും പലതവണ അഭിനന്ദിച്ചിട്ടുള്ളതാണെന്നും റിയാസ് വ്യക്തമാക്കി.

എൽ.ഡി.എഫ് സർക്കാരിന് പദ്ധതിയിലുള്ള റോൾ ഇല്ലാതാക്കാൻ ശ്രമിച്ചാലും കേരളത്തിലെ ജനങ്ങൾ വസ്തുതകൾ തിരിച്ചറിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബുധനാഴ്ച കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ 2,650 കോടി രൂപ ചെലവിൽ നിർമ്മിച്ച ദേശീയപാത-66 ലെ തലപ്പാടി-ചെങ്കള ആറുവരിപ്പാതയും 2,140 കോടി രൂപയുടെ കോഴിക്കോട് ബൈപ്പാസ് നവീകരണവും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. കൂടാതെ, പ്രധാനമന്ത്രി ഗ്രാമ സഡക് യോജന പ്രകാരമുള്ള 23 ഗ്രാമീണ റോഡുകളും അദ്ദേഹം രാഷ്ട്രത്തിന് സമർപ്പിക്കും. ഔദ്യോഗിക അതിഥി പട്ടികയിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എം.ബി. രാജേഷ്, കെ. കൃഷ്ണൻകുട്ടി, കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, എംപിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, എം.എൽ.എ ഉമ തോമസ് എന്നിവർക്കൊപ്പം ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറും ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്നാണ് മന്ത്രിമാർ വ്യക്തമാക്കി. മുഖ്യമന്ത്രിയും പങ്കെടുക്കില്ലെന്നാണ് വിവരം.