‘ഇസ്രായേലും പാകിസ്താൻ ഭരണകൂടവും വ്യത്യസ്തമല്ല…’; കാബൂൾ ആശുപത്രി ആക്രമണത്തിനെതിരെ അഫ്ഗാൻ ക്രിക്കറ്റ് താരങ്ങൾ

കാബൂൾ: അഫ്ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിലെ ആശുപത്രിക്കുനേരെയുണ്ടായ വ്യോമാക്രമണത്തിൽ പാകിസ്താനെ രൂക്ഷമായി വിമർശിച്ച് ക്രിക്കറ്റ് താരങ്ങൾ. പാക് സൈന്യം നടത്തിയ ആക്രമണത്തിൽ 400 പേർ കൊല്ലപ്പെടുകയും 250 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

‘ഇസ്രായേലും പാകിസ്താൻ ഭരണകൂടവും തമ്മിലുള്ള വ്യത്യാസം കണ്ടെത്തുക പ്രയാസകരമാണ്’ -നവീനുൽ ഹഖ് സമൂഹമാധ്യമത്തിൽ കുറിച്ചു. പുതിയ സംഭവത്തോടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായി. മുൻ നായകൻ റാഷിദ് ഖാൻ, ഇബ്രാഹിം സദ്രാൻ, അസ്മതുല്ല ഒമർസായി, മുഹമ്മദ് നബി തുടങ്ങിയ താരങ്ങളും ആക്രമണത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. ‘രാത്രി കാബൂളിൽ ഒരു ശക്തമായ സ്‌ഫോടന ശബ്ദം കേട്ടു. അധികം വൈകാതെ, പാക് വ്യോമാക്രമണത്തിൽ തരിപ്പണമായ ആശുപത്രിയിൽനിന്ന് തീനാളങ്ങൾ ആകാശത്തേക്ക് ഉയർന്നു. റമദാൻ മാസത്തിൽ, ആളുകൾ നോമ്പ് തുറന്ന ശേഷമാണ് നിരപരാധികൾക്ക് ജീവൻ നഷ്ടമാകുന്നതും പരിക്കേൽക്കുന്നതും. ഇരകളുടെ കുടുംബത്തോടൊപ്പമാണ് എന്‍റെ ഹൃദയം. കാബൂൾ വിലപിക്കുകയാണ്. നീതിക്കും സമാധാനത്തിനും വേണ്ടി ഞങ്ങൾ പ്രാർഥിക്കുന്നു’ – അസ്മത്തുല്ല എക്സിൽ പ്രതികരിച്ചു.

പാകിസ്താന്‍റേത് യുദ്ധക്കുറ്റമാണെന്ന് റാഷിദ് ഖാൻ കുറ്റപ്പെടുത്തി. ‘കാബൂളിൽ പാകിസ്താന്റെ വ്യോമാക്രമണത്തിൽ സാധാരണക്കാർ കൊല്ലപ്പെട്ടതായുള്ള ഏറ്റവും പുതിയ വാർത്ത എന്നെ അഗാധമായ ദുഃഖത്തിലാഴ്ത്തി. സാധാരണക്കാരുടെ വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ചികിത്സ സൗകര്യങ്ങളും ബോധപൂർവം ലക്ഷ്യമിടുന്നത് ഒരു യുദ്ധക്കുറ്റമാണ്. മനുഷ്യജീവനോടുള്ള ഈ നിഷ്‌ഠൂരമായ അവഗണന, പ്രത്യേകിച്ച് പവിത്രമായ റമദാൻ മാസത്തിൽ, അതീവ ഖേദകരവും ആശങ്കാജനകവുമാണ്. ഇത് വിഭജനവും വിദ്വേഷവും മാത്രമേ വളർത്തൂ. ഈ ക്രൂരകൃത്യം സമഗ്രമായി അന്വേഷിക്കാനും കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും യു.എന്നിനോടും മറ്റ് മനുഷ്യാവകാശ ഏജൻസികളെയും ആഹ്വാനം ചെയ്യുന്നു. ഈ പ്രയാസകരമായ സമയത്ത് അഫ്ഗാൻ ജനതക്കൊപ്പം നിൽക്കുന്നു. നമ്മൾ അതിജീവിക്കും, ഒരു രാഷ്ട്രമായി നാം ഉയർന്നുവരും. ഇൻഷാഅല്ലാഹ്’ -റാഷിദ് എക്സിൽ കുറിച്ചു.

പ്രാദേശിക സമയം രാത്രി ഒമ്പതിനാണ് കാബൂളിലെ ഒരു ലഹരി വിമോചന ആശുപത്രിക്കുനേരെ വ്യോമാക്രമണം നടന്നതെന്ന് താലിബാൻ വക്താവ് അറിയിച്ചു. 2000 കിടക്കകളുള്ള ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നെന്നും മരണസംഖ്യ ഇനിയും ഉയരാമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. അതേസമയം, അഫ്ഗാൻ സർക്കാറിന്റെ ആരോപണങ്ങൾ പാകിസ്താൻ നിഷേധിച്ചു. അടിസ്ഥാനരഹിതമാണെന്നും കാബൂളിൽ ഒരു ആശുപത്രിയും ലക്ഷ്യമിട്ടിട്ടില്ലെന്നും പാകിസ്താൻ അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

ആക്രമണത്തെ അപലപിച്ച അഫ്ഗാൻ സർക്കാർ വക്താവ് സബീഹുല്ല മുജാഹിദ്, ആശുപത്രികളും സിവിലിയൻ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് പാകിസ്താൻ ഭീകരത സൃഷ്ടിക്കുകയാണെന്നും കുറ്റപ്പെടുത്തി. ‘പാകിസ്താൻ സൈനിക ഭരണകൂടം വീണ്ടും അഫ്ഗാനിസ്ഥാന്റെ വ്യോമാതിർത്തി ലംഘിക്കുകയും കാബൂളിലെ ഒരു ലഹരി വിമോചന ആശുപത്രി തകർക്കുകയും ചെയ്തു, ആശുപത്രിയിൽ ചികിത്സയിലുണ്ടായിരുന്നവർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു’ -സബീഹുല്ല എക്സിൽ കുറിച്ചു.

കുറ്റകൃത്യത്തെ ശക്തമായി അപലപിക്കുന്നു, പാകിസ്താൻ സൈന്യത്തിന്‍റെ നടപടി അംഗീകൃത തത്വങ്ങൾക്ക് വിരുദ്ധവും മാനവരാശിക്കെതിരായ കുറ്റകൃത്യവുമായി കണക്കാക്കുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, കാബൂളിലും കിഴക്കൻ പ്രവിശ്യയായ നർഗാർഹാറിലും സൈനിക താവളങ്ങൽ ലക്ഷ്യമിട്ട് കൃത്യതയോടെയുള്ള വ്യോമാക്രമണങ്ങളാണ് നടത്തിയതെന്ന് പാകിസ്താൻ വാർത്താവിതരണ മന്ത്രി അത്താഉല്ല തരാർ പ്രതികരിച്ചു.