രാഹുലിനെതിരായ പുതിയ പരാതി; കേസെടുത്ത്‌ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുള്ള ബംഗളുരു സ്വദേശിയായ 23കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. കെപിസിസി കൈമാറിയ പരാതിയിലാണ് കേസെടുത്തത്. ബലാത്സംഗം ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. ക്രൈം ബ്രാഞ്ച് ആണ് എഫ്‌ഐആർ ഇട്ടിരിക്കുന്നത്. അതിജീവിതയുടെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കേസ് അന്വേഷിക്കും.

അതേസമയം, രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ. ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ ആവശ്യപ്പെട്ടിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നില്‍ക്കാനുള്ള യോഗ്യത രാഹുലിന് നഷ്ടപ്പെട്ടു. രാഹുല്‍ എംഎല്‍എ സ്ഥാനവും രാജിവെക്കണം. രാഹുലിനെ പുറത്താക്കാന്‍ പാര്‍ട്ടി തയ്യാറാകണമെന്നും മുന്‍ കെപിസിസി അധ്യക്ഷന്‍ മീഡിയവണിനോട് പറഞ്ഞു.

രാഹുൽ മാങ്കൂട്ടത്തിൽ സെക്ഷ്വൽ പ്രെഡേറ്ററാണെന്നും അദ്ദേത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്നും കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. ഒരു പരാതി പോലും ഇല്ലാതിരുന്ന സമയത്ത് കോൺഗ്രസ് പാർട്ടി രാഹുലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്യുകയും യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥനത്ത് നിന്ന് നീക്കം ചെയ്തത് ശക്തമായി നടപടിയായിരുന്നെന്നും ഷമ കൂട്ടിച്ചേർത്തു. ഈ വിഷയതിൽ കെ.സി വേണുഗോപാലും വി.ഡി സതീശനും രമേശ് ചെന്നിത്തലയും രാഹുലിനെതിരെ സംസാരിക്കുകയും നടപടിയെടുക്കുകയും ചെയ്തിട്ടുണ്ട്. രാഹുലിനെതിരെ രണ്ടാമത്തെ പരാതി വന്ന ഉടനെ തന്നെ കെപിസിസി പ്രസിഡണ്ട് അത് ഡിജിപിക്ക് കൈമാറിയെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *