നവകേരള സദസ്സ്: മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാന്‍ കുട്ടികളെ റോഡിലിറക്കിയ അധ്യാപകന് നോട്ടീസ്

മലപ്പുറം: നവകേരള സദസ്സിനെത്തിയ മുഖ്യമന്ത്രിയേയും മന്ത്രിമാരേയും അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ റോഡരികിൽ നിർത്തിയ പ്രധാന അധ്യാപകന് നോട്ടീസ്. മലപ്പുറം എടപ്പാൾ തുയ്യം ജി.എൽ.പി സ്കൂളിലെ പ്രധാന അധ്യാപകനായ സേതുമാധവൻ കാടാട്ടിനാണ് നോട്ടീസ് നൽകിയത്. നവകേരള സദസ്സുമായി ബന്ധപ്പെട്ട് വിദ്യാർഥികളെ പങ്കെടുപ്പിക്കരുതെന്ന നിർദ്ദേശം അധ്യാപകന്‍ പാലിച്ചില്ല. ഏഴ് ദിവസത്തിനകം മറുപടി നൽകണമെന്ന് മലപ്പുറം ഡി.ഡി.ഇ അറിയിച്ചു.

ഉച്ചയ്ക്ക് ഒരു മണി മുതൽ രണ്ടു മണിവരെയാണ് നവകേരള സദസ്സിനായി പോകുന്ന മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും വാഹനവ്യൂഹത്തെ അഭിവാദ്യം ചെയ്യാനായി വിദ്യാർഥികളെ സ്‌കൂളിന് പുറത്ത് റോഡിൽ പൊരിവെയിലിൽ നിർത്തിയത്. ഇതിനെതിരെ സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു.

പ്രൈമറി, പ്രീപ്രൈമറി ക്ലാസ്സുകളിലുള്ള അമ്പതോളം കുട്ടികളെ റോഡരികിൽ നിർത്തിയിരുന്നു. നവകേരള സദസ്സിനായി കുട്ടികളെ ചൂഷണം ചെയ്യാൻ പറ്റില്ലെന്ന ഹൈക്കോടതി ഉത്തരവിനെ മറികടന്നായിരുന്നു കുട്ടികളെ റോഡിലിറക്കിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോൾ കൈവീശണം എന്നതടക്കമുള്ള നിർദേശങ്ങൾ അധ്യാപകർക്ക് നൽകുന്നതായി സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.

Leave a Reply

Your email address will not be published. Required fields are marked *