ബ്ലാസ്റ്റേഴ്‌സിന് അടുത്ത ‘പണി’; സുരക്ഷാ ചെലവിനായി കേരള പൊലീസിന് 1.34 കോടി നൽകണം

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ സുരക്ഷക്കായി ചെലവ് വന്ന 1.34 കോടി നൽകണമെന്നാവശ്യപ്പെട്ട് കേരള പൊലീസ്. 2016 മുതൽ 2019 വരെയുള്ള കാലയളവിൽ ഹോംഗ്രൗണ്ടായ കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ സുരക്ഷയൊരുക്കിയതിനുളള തുകയാണിത്.

തുക നൽകണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് മേധാവി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിന് കത്തയച്ചിരുന്നുവെങ്കിലും അനുകൂല മറുപടിയൊന്നും ലഭിച്ചിരുന്നില്ലെന്നാണ് റിപ്പോർട്ട്. ഇതിനിടെ തുക ഒഴിവാക്കണമെന്നാവ്യപ്പെട്ട് ബ്ലാസ്റ്റേഴ്‌സ് സർക്കാറിനെ സമീപിച്ചെങ്കിലും സർക്കാറിൽ നിന്ന് അനുകൂല നടപടിയുണ്ടായില്ല.

കഴിഞ്ഞ സീസണിൽ മത്സരം പൂർത്തിയാകും മുമ്പെ കളം വിട്ടതിനുള്ള വിലക്കിലും പിഴയിലും വലയുകയാണ് ബ്ലാസ്റ്റേഴ്സ്. പിഴയൊടുക്കിയാണ് ബ്ലാസ്റ്റേഴ്‌സ് ശിക്ഷാനടപടി ലഘൂകരിച്ചത്.ഇതിന്റെ ക്ഷീണം ഇപ്പോഴും തീർന്നിട്ടില്ല. പരിശീലകൻ വുകമിനോവിച്ച് നടപടിയുടെ ഭാഗമായി ഇപ്പോഴും പുറത്തിരിക്കുകയാണ്.

പിന്നാലെയാണ് സുരക്ഷാ ചെലവിനായി ഭീമൻ തുക ആവശ്യപ്പെട്ട് കേരള പൊലീസിന്റെ രംഗപ്രവേശം. 2016 ൽ നടന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ മൂന്നാം സീസണിന്റെ സെമിഫൈനലിൽ ചില സംഘർഷങ്ങൾ ഉടലെടുത്തിരുന്നു. ഇതോടെ സ്റ്റേഡിയത്തിലെ സുരക്ഷ കൂടുതൽ വർധിപ്പിച്ചു.

പിന്നാലെ വന്ന സീസൺ മുതൽ വളരെ ചിലവുകൂടിയ സുരക്ഷാ സംവിധാനങ്ങളായിരുന്നു കേരള പോലീസ് ഐ എസ് എൽ മത്സരങ്ങൾക്കായി കൊച്ചിയിൽ ഒരുക്കിയത്.ഇതോടെ സുരക്ഷാ ചിലവുകളും വർധിച്ചു‌. അതേസമയം പുതിയ സീസണിലെ ആദ്യ മൂന്ന് കളികളിൽ രണ്ടെണ്ണത്തിലും ജയിച്ചുനിൽക്കുകയാണ് ബ്ലാസ്റ്റേഴ്സ്. ഹോംഗ്രൗണ്ടില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളിലും ജയം നേടിയ മഞ്ഞപ്പട മൂന്നാമത്തെ മത്സരത്തില്‍ തോല്‍ക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *