നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി
തിരുവനന്തപുരം: കഴിഞ്ഞ ദിവസം നെയ്യാർ അണക്കെട്ടിന്റെ റിസർവോയറിൽ ചാടിയ ആർ.ടി ഓഫിസ് ജീവനക്കാരിയായ നേമം പൊന്നുമംഗലം സ്വദേശി ശരണ്യയുടെ മൃതദേഹം കണ്ടെത്തി. അഗ്നിരക്ഷാ സേനയും സ്കൂബാ സംഘവും മണിക്കൂറുകളോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
സ്ഥലമാറ്റം ലഭിക്കാത്തതു കൊണ്ടുള്ള ജോലി സമ്മർദവും മനോവിഷമവുമാണ് ശരണ്യ ജീവനോടുക്കാൻ കാരണമെന്ന് ഭർത്താവ് സിരിൽ പൊലീസിനോട് പറഞ്ഞു. എന്നാൽ, ഭർത്താവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് ശരണ്യ ജീവനോടുക്കിയതെന്നാണ് പൊലീസ് പറയുന്നു. സ്ഥിരം മദ്യപാനിയാണെന്നും മദ്യപിച്ചെത്തിയാൽ ഇവരെ ക്രൂരമായി മർദിച്ചിരുന്നുവെന്നും നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഭർത്താവിനെതിരെ മുമ്പ് ശരണ്യ പൊലീസിൽ പരാതി നൽകിയിരുന്നതായി ബന്ധുക്കളും പറയുന്നു.
11 മാസം മുമ്പാണ് ശരണ്യ തമ്പാനൂർ ആർ.ടി ഓഫിസിൽ ജോലിക്ക് ചേർന്നത്. ഇന്നലെ വൈകീട്ട് 5.30ന് താൻ ജീവനോടുക്കാൻ പോകുന്നവെന്ന് ശരണ്യ തന്നെ വിളിച്ച് അറിയിച്ചതായി ഭർത്താവ് സിരിൽ പൊലീസിനോട് പറഞ്ഞു. വൈകീട്ട് ആറോടെ ഡാം ടോപ്പിൽ ചെരുപ്പും പഴ്സും മൊബൈൽ ഫോണും കാണുകയും തുടർന്ന് ഇറിഗേഷൻ വകുപ്പ് ജീവനക്കാർ പരിശോധന നടത്തുകയും തുടർന്ന് പൊലീസിനെ അറിയിക്കുകയുമായിരുന്നു. 6.30 തോടെ യുവതിയുടെ ഭർത്താവ് ഇവിടെ എത്തുകയും അവിടെ കണ്ടെത്തിയ ചെരുപ്പും മൊബൈൽ ഫോണും പാർക്കിങ്ങിലുള്ള സ്കൂട്ടറും തിരിച്ചറിയുകയും ചെയ്തു. ഇന്നലെ സന്ദർശകർ കുറവായതിനാൽ യുവതി ചാടുന്നത് ആരും കണ്ടില്ല.
