86 പേരുടെ നാമനിർദേശ പത്രിക തള്ളി; സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് മത്സരചിത്രം പൂർണം
കേരളത്തിൽ തെരഞ്ഞെടുപ്പ് മത്സരചിത്രം തെളിയുമ്പോൾ സൂക്ഷ്മ പരിശോധനയിൽ തള്ളിയത് 86 പേരുടെ നാമനിർദേശ പത്രിക. ആകെ 290 സ്ഥാനാർത്ഥികളാണ് നാമനിർദേശപത്രിക സമർപ്പിച്ചത്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം ഇത് 204 ആയി ചുരുങ്ങി. നാമ നിർദ്ദേശ പത്രിക പിൻവലിക്കുന്നതിനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കുന്നതോടെ അന്തിമ സ്ഥാനാർത്ഥി പട്ടികക്ക് രൂപമാകും. നിലവിൽ ഏറ്റവും അധികം സ്ഥാനാർത്ഥികൾ കോട്ടയത്താണ്. 14 സ്ഥാനാർത്ഥികളുടെ പട്ടിക കോട്ടയത്ത് അംഗീകരിച്ചു.
അഞ്ച് സ്ഥാനാർത്ഥികൾ മാത്രമുള്ള ആലത്തൂർ ആണ് ഏറ്റവും കുറവ്. പത്തനംതിട്ടയിലെ സ്ഥാനാർത്ഥികളായ തോമസ് ഐസക്കിനോടും, ആൻ്റോ ആന്റണിയോടും സത്യവാങ്മൂലത്തിൽ കളക്ടർ വ്യക്തത തേടി. വിവാഹിതനാണോ എന്ന കോളത്തിൽ നോട്ട് ആപ്ലിക്കബിൾ എന്നായിരുന്നു തോമസ് ഐസക് എഴുതിയത്. ആൻ്റോ ആൻ്റണിയുടെ ഭാര്യയുടെ സ്വത്ത് വിവരങ്ങളിലാണ് വ്യക്തത വരുത്താൻ ആവശ്യപ്പെട്ടത്. ഇരുവരുടെയും പത്രിക അംഗീകരിച്ചു.