അദാനിക്ക് വമ്പൻ തിരിച്ചടി; ഗ്രൂപ്പിലെ മുഴുവൻ ഓഹരിയും വിറ്റൊഴിവാക്കി നോർവേ വെൽത്ത് ഫണ്ട്

ഓസ്‌ലോ: അദാനി കമ്പനികളിലെ മുഴുവൻ ഓഹരി നിക്ഷേപവും വിറ്റൊഴിവാക്കി നോർവേ സോവറീൻ വെൽത്ത് ഫണ്ട്. ഗ്രൂപ്പിലെ മൂന്നു കമ്പനികളിൽ 200 മില്യൺ യുഎസ് ഡോളറിലേറെ വരുന്ന നിക്ഷേപമാണ് വെൽത്ത് ഫണ്ട് ഈയടുത്ത ആഴ്ചകളില്‍ വിറ്റതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ടു ചെയ്തു.

‘വർഷാവസാനത്തോടെ ഞങ്ങൾ അദാനി കമ്പനികളിലെ നിക്ഷേപം കുറച്ചു. ഞങ്ങൾക്ക് നിക്ഷേപം ബാക്കിയില്ല. വർഷങ്ങളായി അദാനിയുടെ പാരിസ്ഥിതിക-സാമൂഹ്യ പ്രശ്‌നങ്ങൾ നിരീക്ഷിച്ചു വരികയാണ്.’ – ഇതു സംബന്ധിച്ച് ഫണ്ട് മേധാവി ക്രിസ്റ്റഫർ റൈറ്റ് മാധ്യമങ്ങളോട് പറഞ്ഞു. അദാനി ടോട്ടൽ ഗ്യാസ്, അദാനി പോർട്‌സ് ആന്റ് സ്‌പെഷ്യൽ എകണോമിക് സോൺ, അദാനി ഗ്രീൻ എനർജി എന്നിവയിലാണ് നോർവേ വെൽത്ത് ഫണ്ടിന് നിക്ഷേപമുണ്ടായിരുന്നത്.

2022 അവസാനത്തിലാണ് വെൽത്ത് ഫണ്ട് അദാനി ടോട്ടലിൽ 83.6 മില്യൺ ഡോളറിന്റെയും അദാനി പോർട്ട് ആന്റ് സ്‌പെഷ്യൽ ഇകണോമിക് സോണിൽ 63.4 മില്യൺ ഡോളറിന്റെയും നിക്ഷേപം നടത്തിയത്. അദാനി ഗ്രീനിൽ 52.7 ദശലക്ഷം ഡോളർ നിക്ഷേപമാണ് ഉള്ളത്. നോർവേ കേന്ദ്രബാങ്കിന്റെ ഭാഗമായുള്ളതാണ് 1.35 ട്രില്യണ്‍ യുഎസ് ഡോളര്‍ ആസ്തിയുള്ള സോവറീൻ വെൽത്ത് ഫണ്ട്. ആഗോള തലത്തിൽ 9200 കമ്പനികളിൽ ഫണ്ടിന് നിക്ഷേപമുണ്ട്. വാർത്തയോട് അദാനി ഗ്രൂപ്പ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

നേരത്തെ, അദാനി ഗ്രൂപ്പിൽ അമ്പത് ബില്യൺ യുഎസ് ഡോളറിന്റെ (4.12 ലക്ഷം കോടി രൂപ) നിക്ഷേപം നടത്താനുള്ള കരാർ നടപ്പാക്കുന്നത് ഫ്രഞ്ച് ബഹുരാഷ്ട്ര കമ്പനി ടോട്ടൽ എനർജീസ് നീട്ടിവച്ചിരുന്നു. യുഎസ് സാമ്പത്തിക ഗവേഷണ സ്ഥാപനം ഹിൻഡൻബർഗ് ഉയർത്തിയ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ വ്യക്തത വന്ന ശേഷം മാത്രം കരാറുമായി മുമ്പോട്ടു പോയാൽ മതിയെന്നാണ് ടോട്ടൽ എനർജീസിന്റെ തീരുമാനം. അന്താരാഷ്ട്ര വാർത്താ ഏജൻസി റോയിട്ടേഴ്സാണ് വാർത്ത റിപ്പോർട്ട് ചെയ്തത്.

അദാനി ഗ്രൂപ്പിലെ ഏറ്റവും വലിയ വിദേശ നിക്ഷേപകരാണ് ഫ്രാൻസ് ആസ്ഥാനമായ ടോട്ടൽ എനർജീസെന്ന് ദ ഇകണോമിക് ടൈംസ് റിപ്പോർട്ടു ചെയ്യുന്നു. അദാനി ഗ്രൂപ്പിന്റെ ജൂണിൽ പ്രഖ്യാപിച്ച ഹൈഡ്രോ പദ്ധതിയിൽ 25 ശതമാനം ഓഹരിയാണ് ഫ്രഞ്ച് കമ്പനി ഏറ്റെടുക്കാനിരുന്നത്. അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ഓഡിറ്റ് റിപ്പോർട്ടിന് കാത്തിരിക്കുകയാണ് എന്ന് ടോട്ടൽ എനർജീസ് ചീഫ് എക്സിക്യൂട്ടീവ് പാട്രിക് പൗയാന്നെ റോയിട്ടേഴ്‌സിനോട് പറഞ്ഞു.

‘കരാർ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഒപ്പുവച്ചിട്ടില്ല. ഗൗതം അദാനിക്ക് ഇപ്പോൾ വേറെ കാര്യങ്ങൾ കൈകാര്യം ചെയ്യാനുണ്ട്. ഓഡിറ്റ് വരുന്നതു വരെ നീട്ടിവയ്ക്കുന്നതാണ് നല്ലത്’ – അദ്ദേഹം പറഞ്ഞു. മറ്റു പദ്ധതികളിൽ അദാനി സാമ്പത്തിക സഹായം ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

1924ൽ സ്ഥാപിതമായ യൂറോപ്യൻ ബഹുരാഷ്ട്ര ഊർജ കമ്പനിയാണ് ടോട്ടൽ എനർജീസ്. പ്രകൃതി വാതകം, ക്രൂഡ് ഓയിൽ, റിഫൈനറി, പെട്രോളിയം പാർക്കറ്റിങ്, ക്രൂഡ് ഓയിൽ ആൻഡ് പ്രൊഡക്ട് ട്രേഡിങ് തുടങ്ങിയ മേഖലയിൽ പടർന്നു കിടക്കുന്ന കമ്പനിയുടെ ആസ്തി 320.5 ബില്യൺ യുഎസ് ഡോളറാണ്. 2021ൽ 184 ബില്യൺ ഡോളറിന്റെ വരുമാനമാണ് കമ്പനിയുണ്ടാക്കിയത്.

നേരത്തെ, അദാനി ഗ്രീൻ എനർജിയിൽ 19.75 ശതമാനം ഓഹരിയും അദാനി ടോട്ടൽ ഗ്യാസിൽ 37.4 ശതമാനം ഓഹരിയും ടോട്ടൽ എനർജീസ് സ്വന്തമാക്കിയിരുന്നു. അദാനി ഗ്രൂപ്പിലെ തങ്ങളുടെ നിക്ഷേപങ്ങളെല്ലാം നിയമവിധേയമാണ് എന്ന് കമ്പനി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ഹിൻഡൻബർഗ് റിപ്പോർട്ട് വന്നതിന് പിന്നാലെ അദാനി കമ്പനികളുടെ ഓഹരികളിൽ വൻതോതിലുള്ള ഇടിവാണ് ഉണ്ടായിരുന്നത്. ഏതാനും ദിവസങ്ങളിൽ മാത്രം 120 ബില്യൺ ഡോളറാണ് കമ്പനിയുടെ വിപണിമൂല്യത്തിൽ നഷ്ടമായത്. തിരിച്ചടിക്ക് പിന്നാലെ അദാനി പ്രഖ്യാപിച്ച 2.5 ബില്യൺ ഡോളറിന്റെ ഫോളോ ഓൺ പബ്ലിക് ഓഫർ കമ്പനി റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *