മോദിയെ കാണാൻ അനുവദിച്ചില്ല; പത്മശ്രീ പുരസ്‌കാരം നടപ്പാതയിൽ ഉപേക്ഷിച്ച് ബജ്‌റങ് പുനിയ

kerala, Malayalam news, the Journal,

ന്യൂഡൽഹി: ബോക്‌സിങ് താരം സാക്ഷി മാലിക് കായികരംഗം വിടുകയാണെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ പത്മശ്രീ പുരസ്‌കാരം തിരിച്ചുനൽകി ഒളിംപിക്‌സ് മെഡൽ ജേതാവ് ബജ്‌റങ് പുനിയ. പുരസ്‌കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു തിരിച്ചുനൽകാനായി എത്തിയ ബജ്‌റങ്ങിനെ പൊലീസ് അനുവദിച്ചില്ല. തുടർന്ന് കർത്തവ്യപഥിലെ പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലുള്ള നടപ്പാതയിൽ പുരസ്‌കാരം ഉപേക്ഷിച്ചു മടങ്ങുകയായിരുന്നു താരം.

പത്മശ്രീ പ്രധാനമന്ത്രിക്കു തിരിച്ചുനൽകുമെന്ന് ബജ്‌റങ് പുനിയ നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈകീട്ടോടെയാണ് ഇതിനായി അദ്ദേഹം പ്രധാനമന്ത്രിയുടെ വസതിക്കുമുന്നിലെത്തിയത്. എന്നാൽ, ഇവിടെ സുരക്ഷാസംഘം താരത്തെ തടഞ്ഞു. പ്രധാനമന്ത്രിയെ കാണാൻ അനുവദിച്ചില്ല. തുടർന്നാണു മുന്നിലുള്ള നടപ്പാതയിൽ പുരസ്‌കാരം ഉപേക്ഷിച്ചു മടങ്ങിയത്. പുരസ്‌കാരം തിരിച്ചെടുക്കാൻ പൊലീസ് സംഘം ആവശ്യപ്പെട്ടെങ്കിലും ബജ്‌റങ് കൂട്ടാക്കിയില്ല.

ഗുസ്തി താരങ്ങളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുഖ്യപ്രതിയായ ബി.ജെ.പി എം.പി ബ്രിജ്ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ്കുമാർ സിങ് ദേശീയ ഗുസ്തി ഫെഡറേഷൻ(ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണു പുതിയ പ്രതിഷേധങ്ങൾക്കു തുടക്കമായത്. സഞ്ജയ്കുമാർ തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് ഇന്നലെ വാർത്താസമ്മേളനം വിളിച്ച് സാക്ഷി മാലിക് വിരമിക്കൽ പ്രഖ്യാപിച്ചത്. വികാരഭരിതമായ കാഴ്ചകൾക്കായിരുന്നു വാർത്താസമ്മേളനം സാക്ഷിയായത്. മാധ്യമപ്രവർത്തകർക്കുമുന്നിൽ പൊട്ടിക്കരഞ്ഞ് ബൂട്ട് മേശയിൽ അഴിച്ചുവച്ചാണ് അവർ മടങ്ങിയത്.

അതിനിടെ, കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി സാക്ഷിയെയും ബജ്‌റങ്ങിനെയും നേരിൽ സന്ദർശിച്ചു പിന്തുണ അറിയിച്ചിട്ടുണ്ട്. ഇവരുടെ വസതിയിലെത്തിയാണ് പ്രിയങ്ക താരങ്ങളുമായി കൂടിക്കാഴ്ച നടത്തിയത്. നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ കോൺഗ്രസിന്റെ എല്ലാ പിന്തുണയും അവർ ഉറപ്പുനൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *