നിലവിളക്ക് കത്തിക്കാത്തതിന് എന്നെ തീവ്രവാദിയാക്കിയ സഖാക്കള്‍ക്ക് ഇപ്പോള്‍ നേരം വെളുത്തല്ലോ- പി.കെ അബ്ദുറബ്ബ്
കോഴിക്കോട്: സര്‍ക്കാര്‍ ചടങ്ങുകളിലെ ഈശ്വര പ്രാര്‍ഥനനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി മുന്‍ മന്ത്രി പി.കെ അബ്ദുറബ്ബ്. നിലവിളക്ക് കത്തിക്കാത്തതിന് തന്നെ മതതീവ്രവാദിയാക്കി ചാപ്പകുത്തുകയും ആക്രമണം നടത്തുക വരെ ചെയ്തിരുന്നു. ഇപ്പോഴെങ്കിലും സഖാക്കള്‍ക്കു നേരം വെളുത്തല്ലോ എന്ന് അബ്ദുറബ്ബ് പരിഹസിച്ചു. PK Abdu Rabb
2023ലെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ വിജയിച്ചവരെ ആദരിക്കാന്‍ കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനം. പരിപാടി ആരംഭിക്കുന്നതിനു മുന്നോടിയായി ഈശ്വര പ്രാര്‍ഥനയ്ക്കായി എല്ലാവരോടും എഴുന്നേറ്റുനില്‍ക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു. പിന്നീട് പ്രസംഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സര്‍ക്കാര്‍ ചടങ്ങുകള്‍ മതനിരപേക്ഷമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ചടങ്ങുകള്‍ ഒരു പ്രത്യേക രീതിയില്‍ സംഘടിപ്പിക്കരുത്. മതനിരപേക്ഷതയില്‍ വിശ്വാസികളും അവിശ്വാസികളുമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പി.കെ അബ്ദുറബ്ബിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എന്തൊക്കെയായിരുന്നു എനിക്കെതിരെ ഉണ്ടാക്കിയ പുകില്‍! ഞാന്‍ നിലവിളക്ക് കത്തിക്കാത്തതിന് എന്നെ മതതീവ്രവാദിയായി ചാപ്പകുത്തി. എനിക്കെതിരെ ആക്രമണം വരെ നടത്തി. സാംസ്‌കാരിക നായകന്മാര്‍ മുതല്‍ സിനിമാ സൂപ്പര്‍ സ്റ്റാറുകളെ വരെ എനിക്കെതിരെ രംഗത്തിറക്കി.
അതും പോരാഞ്ഞിട്ട് നിലവിളക്കുമായി എസ്.എഫ്.ഐക്കാരെ കൊണ്ട് തെരുവില്‍ സമരം വരെ ചെയ്യിച്ചു..! എന്തായാലും ഇപ്പോഴെങ്കിലും സഖാക്കള്‍ക്ക് നേരം വെളുത്തല്ലോ, അത് മതി…!