AI ക്യാമറ ഇടപാട്; ‘ഉദ്യോഗസ്ഥർക്ക് കമ്മീഷനും പാർട്ടിക്ക് ഫണ്ടും നൽകണം, പിന്മാറുകയല്ലാതെ മാർഗമില്ലായിരുന്നു’- ലൈറ്റ്മാസ്റ്റർ മേധാവി
75 കോടി മാത്രമാണ് ഇതിനായി മുടക്കുന്നതെങ്കിൽ 152 കോടിയാണ് ഉപകരണങ്ങൾ വാങ്ങുന്നതിനും കൺട്രോൾ റൂം ക്രമീകരിക്കുന്നതിനും കരാറിൽ ഉൾപ്പെടുത്തിയിരുന്നത്.
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടിൽ വെളിപ്പെടുത്തലുമായി ലൈറ്റ് മാസ്റ്റർ മേധാവി ജെയിംസ് പാലമറ്റം. ഉദ്യോഗസ്ഥർക്ക് കമ്മീഷൻ നൽകേണ്ടിവരുമെന്നും സർക്കാരിന്റെ തുടർ ഭരണത്തിനായി പണം ചെലവഴിക്കേണ്ടി വരുമെന്നും അതുകൊണ്ടാണ് കരാറിൽ നിന്ന് പിൻമാറിയതെന്ന് ജെയിംസ് . എ.ഐ. ഉപകരാറിൽ നിന്ന് പിന്മാറിയ കമ്പനിയാണ് ലൈറ്റ് മാസ്റ്റർ
”മുഴുവൻ തുകയും തങ്ങൾക്ക് തന്നെ മുടക്കണമെന്ന ഘട്ടം വന്നപ്പോഴാണ് പിന്മാറിയത്. 75 കോടി മുടക്കണമെന്നാണ് പ്രസാഡിയോ കമ്പനി എംഡി രാംജിത്ത് ആവശ്യപ്പെട്ടത്. പദ്ധതി വിജയകരമാകില്ലെന്ന് രണ്ടു ബാങ്കുകൾ വിലയിരുത്തി. തുടർന്ന് പണം നൽകാൻ ബാങ്കുകൾ തയ്യാറായില്ല”. ജെയിംസ് പാലമറ്റം പറയുന്നു.
കെൽട്രോൺ കരാർ നൽകിയത് എസ്ആർഐടിക്കായിരുന്നു. തുടർന്ന് ടെൻഡർ വ്യവസ്ഥകൾ ലംഘിച്ച പദ്ധതി നടപ്പിലാക്കാൻ വേണ്ടി എസ്ആർഐടി ഒരു കൺസോഷ്യം ഉണ്ടാക്കിയിരുന്നു. ആ കൺസോഷ്യത്തില്‍ ആദ്യം ഉണ്ടായ കമ്പനികളിൽ ഒന്നായിരുന്നു ലൈറ്റ് മാസ്റ്റർ. കാര്യങ്ങളെല്ലാം ഏകോപിപ്പിച്ചത് പ്രസാഡിയോ മാത്രമായിരുന്നു. കമ്പനി ഡയറക്ടറായിരുന്ന രാംജിത്താണ് ലൈറ്റ്മാസ്റ്ററുമായി ഇടപാട് സംസാരിച്ചത്. ഉടൻ പണം മുടക്കണമെന്ന് പ്രസാഡിയോ ആവശ്യപ്പെട്ടെന്നും ജെയിംസ് പാലമറ്റം പറയുന്നു.
പദ്ധതിയുടെ ലാഭവിഹിതമായി ലഭിക്കുന്ന പണത്തിൽ നിന്ന് കമ്മീഷൻ കഴിഞ്ഞത് ശേഷം മാത്രമെ ലഭിക്കൂ എന്നും രാംജിത് പറഞ്ഞുവെന്നും ജെയിംസ് പറയുന്നു. ഇതിൽ നിന്ന് രാഷ്ട്രീയക്കാർക്കും നൽകേണ്ടിവരും തുടർഭരണത്തിനുവേണ്ട ചെലവിലേക്കും പണം നൽകേണ്ടിവരുമെന്നും അറിയിച്ചിരുന്നു. ഈ പണം ഞങ്ങൾ മാത്രം മുടക്കേണ്ട ഘട്ടം വന്നു. 75 കോടി സമാഹരിക്കാൻ കഴിയാതെ വന്നു അതോടെ പദ്ധതിയിൽ പിൻമാറി.
75 കോടി മാത്രമാണ് ഇതിനായി മുടക്കുന്നതെങ്കിൽ 152 കോടിയാണ് ഉപകരണങ്ങൾ വാങ്ങുന്നതിനും കൺട്രോൾ റൂം ക്രമീകരിക്കുന്നതിനും കരാറിൽ ഉൾപ്പെടുത്തിയിരുന്നത്. അങ്ങനെ വരുമ്പോൾ കെൽട്രോൺ എസ്റ്റിമേറ്റ് കൂട്ടിവെയ്ക്കുകയാണെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ അടിവരയിടുന്നതാണ് ലൈറ്റ്മാസ്റ്റർ എംഡിയുടെ വെളിപ്പെടുത്തൽ.