ഓം ബിർള ലോക്സഭാ സ്പീക്കർ; പ്രധാനമന്ത്രി മോദിയുടെ പ്രമേയം ശബ്ദ വോട്ടോ​ടെ പാസാക്കി

 

ന്യൂഡൽഹി:പതിനെട്ടാം ലോക് സഭയുടെ സ്പീക്കറായി ഓം ബിർളയെ തെരഞ്ഞെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പ്രമേയം ശബ്ദവോട്ടോടെയാണ് പാസാക്കിയത്. പ്രമേയം രാജ്നാഥ് സിംഗ് പിന്താങ്ങി. ആദ്യ പ്രമേയം പാസാ​യതോടെ മറ്റ് പ്രമേയങ്ങൾ വോട്ടിനായി പരിഗണിച്ചില്ല.

13 നേതാക്കളാണ് ഓംബിർളയെ പിന്തുണച്ചുള്ള പ്രമേയം അവതരിപ്പിച്ചത്. രണ്ടാം തവണയാണ് ഓം ബിർള സ്പീക്കറാകുന്നത്. ഇൻഡ്യാ സഖ്യം കൊടിക്കുന്നിൽ സുരേഷ് എം.പിയെയാണ് സ്പീക്കർ സ്ഥാനാർഥിയായി നിർത്തിയിരുന്നത്

സ്പീക്കർ പദവിയിൽ ഓം ബിർളയും കൊടിക്കുന്നിൽ സുരേഷും പത്രിക സമർപ്പിച്ചതോടെയാണ് വോട്ടെടുപ്പ് ആവശ്യം ഉയർന്നത്. ഡെപ്യൂട്ടി സ്പീക്കർ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കമാണ് നേർക്കുനേർ പോരാട്ടത്തിലെത്തിയത്.

കൊടിക്കുന്നിൽ സുരേഷ് പരാജയപ്പെട്ടെങ്കിലും, ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിന് എന്ന കീഴ്വഴക്കം ബി.ജെ.പി തെറ്റിച്ചെന്നത് ചർച്ചയാകാൻ സ്ഥാനാർഥിത്വത്തിനു കഴിഞ്ഞു. കഴിഞ്ഞ അമ്പത് വർഷത്തിനിടയിൽ സ്പീക്കർ പദവിയിലേക്ക് ഏറ്റവും ശക്തമായ പോരാട്ടം നടന്നത് 1976-ലായിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ സ്ഥാനാർഥി ബലിറാം ഭഗത്തിനെതിരെ ജനസംഘം നിർത്തിയത് ജഗന്നാഥ് റാവു ജോഷിയെ.1991ൽ ശിവരാജ് പാട്ടീലിനെതിരെ ബി.ജെ.പി രംഗത്തിറക്കിയത് ജസ്വന്ത് സിംഗിനെയായിരുന്നു. 1998ൽ എൻ.ഡി.എ സ്ഥാനാർഥിയായിരുന്ന ജി.എം.സി ബാലയോഗിക്ക് മൂന്ന് സ്‌ഥാനാർഥികളെയാണ് നേരിടേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *