വിവാഹത്തിനെത്തിയ സ്ത്രീയുടെ സ്കൂട്ടറില്‍ നിന്ന് ഒന്നര ലക്ഷം മോഷ്ടിച്ചു; പ്രതി പിടിയില്‍

മറ്റൊരാള്‍ക്ക് കൈമാറാനുള്ള ചിട്ടി തുകയായിരുന്നു

തിരുവനന്തപുരം: വിവാഹ ചടങ്ങിനെത്തിയ സ്ത്രീയുടെ സ്കൂട്ടറില്‍ നിന്ന് പണം അപഹരിച്ച കേസിൽ പ്രതി പിടിയിൽ. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സതീഷ് കുമാറിനെയാണ് വര്‍ക്കല പൊലീസ് അറസ്റ്റ് ചെയ്തത്. ആലംകോട് സ്വദേശിയായ സ്ത്രീയുടെ സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന ഒന്നര ലക്ഷം രൂപയാണ് പ്രതി മോഷ്ടിച്ചത്.

കല്യാണ ഓഡിറ്റോറിയത്തില്‍ പാര്‍ക്ക് ചെയ്ത സ്ത്രീയുടെ സ്കൂട്ടറില്‍ നിന്നാണ് പണം മോഷ്ടിച്ചത്. മറ്റൊരാള്‍ക്ക് കൈമാറാനുള്ള ചിട്ടി തുകയായിരുന്നു. കല്യാണം കഴിഞ്ഞ് തിരികെ വാഹനവുമായി പണം കൈമാറാന്‍ പോയപ്പോഴാണ് നഷ്ടപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് വർക്കല പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതി സതീഷാണെന്ന് പൊലീസ് മനസ്സിലാക്കിയത്. ഓഡിറ്റോറിയത്തിൽ പാർക്ക് ചെയ്തിരുന്ന മറ്റ് 7 വാഹനങ്ങൾ ഇയാൾ താക്കോൽ ഉപയോഗിച്ച് തുറന്നതായും പൊലീസ് കണ്ടെത്തി. മോഷണം നടത്തിയ ശേഷം കോട്ടയത്തേക്ക് കടന്ന ഇയാളെ കോട്ടയം മെഡിക്കല്‍ കോളജ് പരിസരത്തു നിന്നാണ് പിടികൂടിയത്.

വിവിധ സ്റ്റേഷനുകളിലായി 17 മോഷണ കേസുകൾ പ്രതിക്കെതിരെ നിലവിലുണ്ട്. മോഷ്ടിച്ച ഒന്നേകാൽ ലക്ഷം രൂപയിൽ 12,500 രൂപ മാത്രമാണ് പൊലീസിന് കണ്ടെത്താൻ കഴിഞ്ഞത്. ബാക്കി പണം ആഡംബര ജീവിതം നയിക്കുന്നതിനായി ഉപയോഗിച്ചു എന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി. വർക്കല മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *